പാലിയേക്കര ടോള്‍പ്ലാസ
ടോള്‍ നിരക്ക് വർധന നാളെ മുതൽ

പാലിയേക്കര
പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍ നിരക്ക് സെപ്തംബർ ഒന്നുമുതൽ ഉയർത്താൻ തീരുമാനം. ഹൈക്കോടതി വിലക്ക് നിലനിൽക്കെ നിരക്ക് വർധന സംബന്ധിച്ച അറിയിപ്പ് കരാര്‍ കമ്പനി പ്രസിദ്ധീകരിച്ചു. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. സെപ്തംബര്‍ ഒന്നുമുതല്‍ പിരിക്കേണ്ട പുതിയ നിരക്കിനാണ് എന്‍എച്ച്എഐ അനുമതി നല്‍കിയത്. 2 ദിവസത്തിനകം ടോള്‍ കരാര്‍ കമ്പനി ഹൈക്കോടതിയുടെ അനുമതി നേടിയാൽ ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയേക്കും. 10 മുതല്‍ 35 രൂപ വരെയാണ് നിലവിലെ നിരക്കിൽനിന്ന് വർധിച്ചത്. കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വര്‍ധന ഹൈക്കോടതി തടഞ്ഞതിനാല്‍ 2024ലെ ടോള്‍ നിരക്കാണ് ഇപ്പോഴും ഇൗടാക്കുന്നത്. ഹൈക്കോടതി അനുമതി നൽകിയാൽ ഒരു ഭാഗത്തേക്ക് പോകുന്ന കാറുകള്‍ക്ക് 90ന് പകരം 100 രൂപ നൽകേണ്ടിവരും. ദിവസം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 160 രൂപയിൽനിന്ന് 170 രൂപയാകും. ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 240 രൂപയിൽനിന്ന് 255 ആകും. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 320 രൂപയുണ്ടായിരുന്നത് 345ഉം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 485ൽനിന്ന് 515 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു യാത്രക്കുണ്ടായിരുന്ന 515 രൂപയെന്നത് 550 ഉം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 775 രൂപയെന്നത് 825 രൂപയുമാകും. എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനാണ് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിൽ ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കൂവെന്നും പറയുന്നുണ്ട്.










0 comments