തിരിച്ചെത്തി, എക്‌സൈസിൽ പിരിവുകാലം


വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 31, 2026, 01:15 AM | 2 min read
തിരുവനന്തപുരം
: ഭരണംമാറിയതോടെ എക്‌സൈസ് വകുപ്പിലെ ‘പിരിവുകാലം’ തിരിച്ചെത്തുന്നു. 10 വർഷം ഉണ്ടായിരുന്ന നിയന്ത്രണവും നിരീക്ഷണവും ഇനിയുണ്ടാകില്ലെന്ന ധൈര്യത്തിൽ ഉദ്യോഗസ്ഥരിൽ ചിലർ ബാറുടമകളിൽനിന്നുൾപ്പെടെ നിർബന്ധിത പിരിവ് പുനരാരംഭിച്ചു. കഴിഞ്ഞദിവസം കോട്ടയത്ത് എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ പിടിയിലായത് അനധികൃത പിരിവ് നടത്തുന്പോഴാണ്.
ബാറുകൾ കൂടുതലുള്ള സർക്കിളുകളിൽ ജോലിചെയ്യാൻ ചില ഉദ്യോഗസ്ഥർ അതീവ താൽപ്പര്യംകാണിക്കുന്നു. സ്ഥലംമാറ്റം തരപ്പെടുത്തിക്കൊടുക്കാൻ പ്രത്യേക ലോബിയും എക്‌സൈസ് വകുപ്പിൽ സജീവമാണ്. കഴിഞ്ഞ 10 വർഷം സ്ഥലംമാറ്റവും നിയമനവും മാനദണ്ഡപ്രകാരമാണ് നടപ്പാക്കിയത്.
രണംമാറിയപ്പോൾ അതെല്ലാം തകിടംമറിഞ്ഞു. അനധികൃത പിരിവിനെക്കുറിച്ച് ബാറുടമകൾ മന്ത്രി ലിജുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ബിവറേജസ് കോർപറേഷനിൽ കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനകൾ രണ്ടെണ്ണമുണ്ട്. ഇതിൽ ആർക്കാണ് മേൽക്കെ എന്ന വിഷയത്തിൽ ചേരിപ്പോര് നടക്കുന്നുണ്ട്. ഇവരെ നിലയ്‌ക്കുനിർത്തുന്നതിലും മന്ത്രി പരാജയപ്പെട്ടു.
എക്‌സൈസ് കമീഷണറായി ശ്രീറാം സാംബശിവറാവു ചുമതലയേറ്റശേഷം ബാറുടമകൾ തെളിവുസഹിതം പരാതി നൽകി. തുടർന്നാണ് കൈക്കൂലി വാങ്ങുന്നവർക്കെതിരെ അന്വേഷണം തുടങ്ങിയത്. എന്നാൽ, രാഷ്‌ട്രീയ ഇടപെടലുണ്ടായാൽ എക്‌സൈസ് കമീഷണർക്കും മൗനംപാലിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് പരാതിക്കാർ.
ഓമനപ്പേര്
‘കോംപ്ലിമെന്റ് സിസ്റ്റം’
തിരുവനന്തപുരം
ബാറുടമകളിൽനിന്ന് നിർബന്ധ പിരിവ് വാങ്ങുന്നതിന് ഉദ്യോഗസ്ഥതലത്തിൽ ഓമനപ്പേര് ‘കോംപ്ലിമെന്റ് സിസ്റ്റം’.
ബാർ ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്ന് പണം, മദ്യം, ഭക്ഷണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റുന്ന ഏർപ്പാടാണിത്. പരിശോധനയ്‌ക്കെത്തുന്പോൾ കുറഞ്ഞത് 10000 രൂപ, മുന്തിയ മദ്യം, ഭക്ഷണം എന്നിവ നൽകണം. പതിവ് പരിശോധനയ്‌ക്ക് അല്ലാതെയും ചില ഉദ്യോഗസ്ഥർ ബാറുടമകളെ സമീപിക്കാറുണ്ട്. മദ്യവും ഭക്ഷണവും വാങ്ങിയശേഷം ‘എക്‌സൈസ് സ്‌ക്വാഡ്’ എന്ന് പറഞ്ഞ് പണം നൽകാതെ ഉദ്യോഗസ്ഥർ സ്ഥലംവിടുന്നതാണ് രീതി.
‘ആർക്ക്, എത്ര കൊടുക്കണം’ എന്ന ലിസ്‌റ്റ് ബാറുകൾക്ക് ഉദ്യോഗസ്ഥർ നൽകാറുണ്ടെന്നും പറയുന്നു. ലൈസൻസ് പുതുക്കുമ്പോഴും ഓണം, ക്രിസ്‌മസ്, ഉത്സവ സീസണുകളിലും ഉദ്യോഗസ്ഥർക്ക് പണം നൽകണമെന്നാണ് നിബന്ധനയെന്ന് ബാറുടമകൾ എക്‌സൈസ് കമീഷണർക്ക് മൊഴിനൽകിയിട്ടുണ്ട്.
ഏഴുപേർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം
ബാറുടമകളിൽനിന്ന് പിരിവ് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയത്തെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ എസ് അശോക്‌കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. എക്‌സൈസ് കമീഷണർ ശ്രീറാം സാംബശിവറാവു നേരിട്ട് നടത്തിയ പരിശോധനയിൽ തെളിവ് ലഭിച്ചതോടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌തിരുന്നു.
ഡെപ്യൂട്ടി കമീഷണർക്കുപുറമെ കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ എം മാനുവൽ, പ്രവീൺ ശിവാനന്ദ്, ചങ്ങനാശേരി സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ലാലു തങ്കച്ചൻ, ടി സന്തോഷ്, കെ ഷിജു, സിവിൽ എക്‌സൈസ് ഓഫീസർ എ എസ് വിശാഖ് എന്നിവരെയാണ് സസ്‌പെൻഡുചെയ്തത്. ഇവർ മാസപ്പടി വാങ്ങുന്നതിന് തെളിവ് കിട്ടിയെന്നാണ് സൂചന.










0 comments