ആനച്ചന്തം പൂരച്ചന്തം

പാറമേക്കാവിന്റെ ചമയ പ്രദർശനത്തിൽ അവതരിപ്പിച്ച പട്ടുകുടകൾ

പാറമേക്കാവിന്റെ ചമയ പ്രദർശനത്തിൽ അവതരിപ്പിച്ച പട്ടുകുടകൾ

avatar
ജിബിന സാ​ഗരന്‍

Published on May 05, 2025, 01:40 AM | 1 min read

തൃശൂർ

‘മ്മള് തൃശൂർക്കാര്... ചമയം കാണാതിരിക്ക്വോ...?’ പൂരാവേശം നെഞ്ചിലേറ്റി അമ്മയ്ക്കൊപ്പം ആനച്ചമയം കാണാനെത്തിയ സുബിതയുടെ വാക്കുകൾ. സുബിതയടക്കമുള്ള തൃശൂർക്കാർക്ക് ആനച്ചമയത്തിന്റെ വിസ്മയക്കാഴ്ചകളും പൂരപ്രേമമാണ്. നിറങ്ങളും തിളക്കങ്ങളും നിറഞ്ഞ തൃശൂർ പൂരത്തിന്റെ ചെറിയ സാമ്പിളാണിത്. ആനച്ചമയങ്ങൾ വിസ്മയക്കാഴ്ചയാവുമ്പോഴും രഹസ്യ അറയിൽ ഒരുങ്ങുന്ന കുടമാറ്റത്തിന് പുറത്തെടുക്കുന്ന പ്രത്യേക കുടകളുടെ ആകാംക്ഷയും വാനോളമാണ്. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ പ്രദര്‍ശനം. ഓഡിറ്റോറിയത്തിന് നടുവില്‍ ശ്രീമൂലസ്ഥാനത്തുള്ള അരയാലിന്റെ മാതൃകയ്‌ക്ക്‌ ചുറ്റുമാണ് ചമയങ്ങൾ. ​ആദ്യം ആനയുടെ ചെറുപ്രതിമ. അതിന് മുകളിലായി നെറ്റിപ്പട്ടം, കോലം, വെഞ്ചാമരം, ആലവട്ടം, വർണക്കുട എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്. വലിയ മണികൾ, പള്ളിമണി, കഴുത്തുമണി, കാൽമണി, കച്ചക്കയർ, വർണാഭമായ കയറുകൾ, ചെറിയ മണികളും അരയാലിന് മുന്നിലുണ്ട്‌. പശ്ചാത്തല സം​ഗീതമായി പൂരാരവവും‌. അ​ഗ്രശാലയിലാണ് പാറമേക്കാവിന്റെ പ്രദർശനം. അർധ വൃത്താകൃതിയിലാണ് പ്രധാന ചമയങ്ങൾ. വിടർന്ന രീതിയിലാണ് കുടകളുടെ വിന്യാസം. പൂരത്തിന്റെ മിനിയേച്ചറും പ്രദര്‍ശനത്തിലുണ്ട്. പട്ടുപൊതിഞ്ഞ വടങ്ങളും മണികെട്ടിയ കച്ചകളും ഇരുവിഭാ​ഗവും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനങ്ങൾ കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാത്രി 12ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home