മുല്ലപ്പൂമണം വീശും

ഗുരുവായൂർ
ടി ബി ജയപ്രകാശ് ഗുരുവായൂർ
കേരളത്തിൽത്തന്നെ ഏറ്റവും കൂടുതൽ മുല്ലപ്പൂ വിൽക്കുന്നത് ഗുരുവായൂരിലാണ്. വിവാഹ ചടങ്ങിന് എത്തുന്നവർ അതിന്റെ ഭാഗമായി മുല്ലപ്പൂ വാങ്ങിയിരുന്നെങ്കിലും ക്രമേണ ക്ഷേത്രദർശനത്തിന് എത്തുന്നവരും ചൂടുക പതിവാക്കി. നിരവധി പേർ വഴിപാടായും മുല്ലപ്പൂ ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ തുടങ്ങി. ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ മുല്ലപ്പൂ മാർക്കറ്റാണ് ഇവിടം. ദിവസവും ഗുരുവായൂരിൽ എത്തുന്നത് കിലോക്കണക്കിന് മുല്ലപ്പൂവാണ്. കച്ചവടത്തിന് പുതിയ മാർഗങ്ങളുമുണ്ട്. മുല്ലപ്പൂ ചൂടുന്നതിനുള്ള സ്ലൈഡുകൾ സമ്മാനമായി നൽകിയാണ് കച്ചവടക്കാർ ആവശ്യക്കാരെ ആകർഷിച്ചു തുടങ്ങിയത്. ആദ്യകാലത്ത് സൈക്കിളിലും കുട്ടയിൽ ചുമന്നും കച്ചവടം ചെയ്തിരുന്നവരാണ് സൗജന്യങ്ങൾ നൽകിത്തുടങ്ങിയതെങ്കിലും ഇപ്പോൾ ചെറുകിട കച്ചവടക്കാരും ഇത് ഏറ്റെടുത്തുകഴിഞ്ഞു. പ്രത്യേകം കവറിൽ മുല്ലപ്പൂവും സ്ലൈഡും അടങ്ങിയ കിറ്റുകൾ വില്പന നടത്തുന്നവരുമുണ്ട്. മുല്ലപ്പൂപോലെ ഏറെ പ്രചാരം നേടിയ മറ്റൊന്നാണ് തുളസി ഇല കൊണ്ടുള്ള മാല. ഇത് വഴിപാടായി സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനയാണ്. ഇതോടൊപ്പം താമരപ്പൂവിനും വൻ ഡിമാൻഡാണ്. താമര വഴിപാടായി സമർപ്പിക്കുന്നവരും വീടുകളിൽ അലങ്കാരമായി ഉരുളിയിൽ വെള്ളം നിറച്ച് സൂക്ഷിക്കുന്നവരും ധാരാളമായതോടെയാണ് ഡിമാൻഡ് കൂടിയത്. ഏതാണ്ട് മുന്നൂറോളം പേരാണ് ചെറുതും വലുതുമായ കടകളും തട്ടുകളിലും സൈക്കിളിലും തലയിൽ ചുമന്നും ഗുരുവായൂരിൽ പൂക്കച്ചവടം ചെയ്യുന്നത്. സൈക്കിളിലും തലയിൽ കുട്ടയിൽ ആക്കിയും വിൽക്കുന്നവർക്ക് അഞ്ച് മുതൽ 10 കിലോയോളം ചെലവാകുമ്പോൾ തട്ടുകളിലും കടകളിലും ഇത് ഏതാണ്ട് പത്ത് മുതൽ 20 കിലോയോളം വരും. പുലർച്ചെ രണ്ടരയോടെ വിപണിയുണരും. രാവിലെ 8 വരെയും സജീവമായിരിക്കും. വൈകിട്ട് ആറുമുതലും 11വരെയും കച്ചവടം പൊടിപൊടിക്കും. ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും തിരക്കുള്ള ദിവസങ്ങളിലും ഈ സമയക്രമം തെറ്റാറാണ് പതിവ്. തമിഴ്നാട്ടിലെ പൊള്ളാച്ചി , ദിണ്ടിഗൽ, കോയമ്പത്തൂർ, തോവാള എന്നിവിടങ്ങളിൽ നിന്നും അതിർത്തി ഗ്രാമമായ പാലക്കാട് ജില്ലയിലെ കൊടുവായൂരിൽ നിന്നും കേരളത്തിലെ ചെറിയ തോട്ടങ്ങളിൽ നിന്നും മുല്ലപ്പൂവും താമരയും തുളസിയും ഗുരുവായൂരിൽ എത്തുന്നു. താമര തദ്ദേശീയമായി ഉള്ള പാടങ്ങളിലും വർഷകാലങ്ങളിൽ കൃഷി ചെയ്ത് വിൽക്കുന്നവരുമുണ്ട്.










0 comments