ad
Deshabhimani

വിഐപി മെനു

avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Mar 01, 2026, 12:47 AM | 1 min read


തൃശൂർ

കടുവയ്‌ക്ക്‌ ബീഫ്‌, മുതലയ്‌ക്കിഷ്ടം ശുദ്ധജലത്തിലെ മീൻ, കാട്ടുപോത്തിന്‌ ഇലകൾ, റിയക്ക്‌ ചീര, കുരങ്ങിന്‌ പപ്പായ ഇങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണമാണ്‌ തൃശൂർ സുവോളജിക്കൽ പാർക്കിലെ പക്ഷി- മൃഗാദികൾക്കായി തയ്യാറാക്കുന്നത്‌. 10 കടുവകളാണിവിടെ നിലവിലുള്ളത്‌. ഒരു കടുവയ്‌ക്ക്‌ പ്രതിദിനം ശരാശരി ആറു കിലോ ബീഫാണ്‌ നൽകുന്നത്‌. പുലി ഒരു ദിവസം നാലു കിലോ ബീഫും അകത്താക്കും. മുതലകൾക്കും ബീഫ്‌ നൽകുന്നുണ്ടെങ്കിലും അവർക്ക്‌ കൂടുതൽ ഇഷ്ടം മീനുകളാണ്‌. അതിൽത്തന്നെ പീച്ചിയിലെ ഫാമുകളിൽ നിന്നുള്ള ശുദ്ധജല മീനുകളോടാണ്‌ പ്രിയം കൂടുതൽ. കടൽമീനുകളും നൽകുന്നുണ്ട്‌. മുതലകൾക്ക്‌ കഴിക്കാനായി കുളത്തിൽ മീനുകളെ വളർത്തുന്നുമുണ്ട്‌. വിവിധ തരത്തിലുള്ള 60ഓളം മാനുകളാണ്‌ പാർക്കിലുള്ളത്‌. ഇവയ്‌ക്ക്‌ പുല്ലും കാലിത്തീറ്റയുമാണ്‌ പ്രധാന ഭക്ഷണം. നിലവിൽ പുല്ല്‌ പുറത്തുനിന്ന്‌ കൊണ്ടുവരികയാണ്‌. ഇവയ്‌ക്കുള്ള പുല്ല്‌ ഇവിടെ വളർത്താനുള്ള പദ്ധതിയുണ്ട്‌. കാട്ടുപോത്തിന്‌ പുല്ലിനൊപ്പം പ്ലാവിലയും ഭക്ഷണമാണ്‌. കൊക്ക്‌, മീൻകൂമൻ എന്നിവയുടെ പ്രധാന ഭക്ഷണം മീനുകളാണ്‌. തത്തമ്മ അടക്കമുള്ള മറ്റു പക്ഷികൾ തിന, റാഗി എന്നിവയുടെ പെല്ലറ്റുകളോടാണ്‌ ഏറെ ഇഷ്ടം. റിയക്ക്‌ ചീരയും കാബേജുമാണ്‌ പ്രിയം. ക്യാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഒട്ടകപ്പക്ഷികൾക്ക്‌ പക്ഷികൾക്ക്‌ നൽകുന്ന കാലിത്തീറ്റയാണ്‌ ഭക്ഷണം. കുരങ്ങിന്‌ തണ്ണിമത്തൻ, പപ്പായ, വാഴപ്പഴം തുടങ്ങിയ പഴങ്ങളാണ്‌ കൂടുതലും നൽകുന്നത്‌. സ്ഥിരം ഭക്ഷണ രീതി ഇങ്ങനെയാണെങ്കിലും ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച്‌ മാറ്റമുണ്ടാകും. ഭക്ഷണം തയ്യാറാക്കാനും നൽകാനും പ്രത്യേക ജീവനക്കാരുണ്ട്‌. ചൂടിനെ തരണം ചെയ്യാൻ ഭക്ഷണക്രമത്തിൽ പ്രത്യേക മാറ്റങ്ങളും വരുത്തുന്നുണ്ട്‌. ഭക്ഷണത്തിൽ അധികമായി പഴങ്ങൾ ഉൾപ്പെടുത്തും. കടുവ, പുലി അടക്കമുള്ളവയ്‌ക്ക്‌ കൃത്യമായ ഇടവേളകളിൽ വെള്ളം നനയ്‌ക്കുന്നതിനായി വാട്ടർ ഷവറും നൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home