വിശാല നിക്കോബാര്‍ പദ്ധതി ഉപേക്ഷിക്കണം: ബിനോയ് വിശ്വം

സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നിക്കോബാര്‍ സംരക്ഷണ ഐക്യദാര്‍ഢ്യ പരിപാടി പ്ലാവിൻതൈ നട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂര്‍
രാജ്യത്തിന്റെ ജൈവസമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിശാല നിക്കോബാര്‍ പദ്ധതി ആരുടെ തന്ത്രപരമായ ആവശ്യകതയാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടപ്പുറത്ത് സംഘടിപ്പിച്ച നിക്കോബാര്‍ സംരക്ഷണ ഐക്യദാര്‍ഢ്യ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യം വിലമതിക്കാനാവാത്ത കോടിക്കണക്കിന് ജൈവജാതികളുടെയും നിക്കോബാറിയന്‍സ്, ഷോംപെന്‍ എന്നീ ആദിമ ഗോത്ര ജനതയുടെയും ജയന്റ് ലെതര്‍ബാക്ക് കടലാമകളുടെയും ആവാസവ്യവസ്ഥയാണ് വിശാല നിക്കോബാര്‍ പദ്ധതി. അത്തരമൊരു പ്രദേശത്ത് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും പകല്‍ക്കൊള്ള നടത്താനുള്ളതാണ് മോദി ഇപ്പോള്‍ അവകാശപ്പെടുന്ന തന്ത്രപ്രധാനമായ ആവശ്യകത. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷനായി. സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, അഡ്വ. കെ രാജന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ്, എഐടിയുസി ജില്ലാ പ്രസിഡന്റ് വി എസ് പ്രിന്‍സ് തുടങ്ങിയവർ സംസാരിച്ചു.










0 comments