സര്‍വീസ് റോഡ് പൂർത്തിയായില്ല
പ്രതിഷേധവുമായി സിപിഐ എം

കാഞ്ഞങ്ങാട്
പണി പൂര്‍ത്തിയാക്കാതെ നാട്ടുകാരെ ദുരിതത്തിലാക്കുന്ന ദേശീയപാത കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം. പുല്ലൂര്‍ പൊള്ളക്കടയില്‍ സര്‍വീസ് റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കാതെ നാട്ടുകാരെ വലയ്‌ക്കുന്നതിൽ പ്രതിഷേധിച്ചാണ് പൊള്ളക്കടയില്‍ ദേശീയപാത ഉപരോധിച്ചത്. തുടർന്ന് കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി. പണി ഉടൻ തീര്‍ക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സിപിഐ എം ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി ഷാജി എടമുണ്ട, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം നാരായണന്‍ മാടിക്കാല്‍, പുല്ലൂര്‍ -പെരിയ പഞ്ചായത്തംഗം എ കൃഷ്ണന്‍, ബി ഷൈജു ചന്ദ്രന്‍ എന്നിവര്‍ സമരത്തിന് നേതൃത്വംനല്‍കി. പൊള്ളക്കട ഏമ്പംകുണ്ടില്‍ പടിഞ്ഞാറുഭാഗത്ത് ദേശീയപാതക്ക് സമീപമുള്ള തോട് ഭാഗികമായി നികത്തിയാണ് ദേശീയപാത പ്രവൃത്തി തുടങ്ങിയത്. തോടിന്റെ ബണ്ട് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ തകര്‍ന്നിരുന്നു. തോട് നികത്തിയതോടെ മഴക്കാലത്ത് മേഖലയിൽ വെള്ളം കുത്തിയൊഴുകാറുണ്ട്. വര്‍ഷങ്ങളായി പടിഞ്ഞാറുഭാഗത്തെ വയലിലെ കൃഷിയും മുടങ്ങി. പ്രദേശത്തെ കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലുമായി. വയലിന്റെ പകുതിഭാഗത്തും മണ്ണും കല്ലും നിറഞ്ഞു. സമീപത്തെ വഴികളും അടഞ്ഞു. പഴയ പാലം ദ്രവിച്ചതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം കരാര്‍ കമ്പനി രണ്ടുവര്‍ഷം മുമ്പ് ഇരുമ്പ് പാലം എത്തിച്ചിരുന്നു. ഇത് താല്‍ക്കാലികമാണെന്നും സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം തോട് പൂര്‍വസ്ഥിതിയിലാക്കി കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചുതരാമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാൽ അനാസ്ഥ തുടർന്നു.









0 comments