യുവത്വത്തിന്റെ സമരമുഖം; ഡിവൈഎഫ്‌ഐ സമ്മേളനത്തിനൊരുങ്ങി തൃശൂർ

തൃശൂർ : ഇന്ത്യൻ യുവത്വത്തിന്റെ സമരസംഘടനയായ ഡിവൈഎഫ്‌ഐയുടെ 16–ാം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി തൃശൂർ. 19 മുതൽ 22 വരെയാണ് സമ്മേളനം. 19ന് സമ്മേളന നഗരിയിൽ പതാക ഉയരും. പ്രതിനിധി സമ്മേളനം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖങ്ങളിലൊന്നായ നടൻ പ്രകാശ് രാജ് തൃശൂർ റീജണൽ തിയറ്ററിലെ പുഷ്‌പൻ നഗറിൽ ഉദ്‌ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, ജനറൽ സെക്രട്ടറി ഹിമാഘ്‌ന രാജ് ഭട്ടാചാര്യ തുടങ്ങിയവരും പങ്കെടുക്കും. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും.
21ന് രക്തസാക്ഷി കുടുംബസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. 22ന് സമാപന സമ്മേളനം അരണാട്ടുകര നേതാജി ഗ്രൗണ്ടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി യൂത്ത് ബ്രിഗേഡ് മാർച്ചും സമ്മേളന പ്രതിനിധികളുടെ പ്രകടനവും നടക്കും. പ്രകടനം വിദ്യാർഥി കോർണർ പരിസരത്ത് നിന്നാരംഭിക്കും.
സമ്മേളനത്തിന് മുന്നോടിയായി 17ന് കേരളവർമ കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യും. ജെഎൻയു വൈസ് ചെയർപേഴ്‌സൺ ഗോപിക ബാബു, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പങ്കെടുക്കും. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര–ചിത്ര പ്രദർശനവും പുസ്‌തകോൽസവവും ശനിയാഴ്‌ച ആരംഭിച്ചു. ‘സോഷ്യലിസമാണ് ഭാവി, ഭാവി നമ്മുടേതാണ്’ എന്ന സന്ദേശമുയർത്തിയാണ് പ്രദർശനം.
22 വരെ എല്ലാ ദിവസവും പ്രദർശന നഗരിയിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് അഞ്ചിന് ‘കേരളത്തിലെ ഇടതുപക്ഷ ജീവിതം’ സെമിനാർ നടക്കും. ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ‘മിസ’ നാടകം അരങ്ങേറും.
സമ്മേളനത്തിന് അനുബന്ധമായി സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്‌സ് മീറ്റ്, വീരനാട്യം അവതരണം എന്നിവയും നടക്കും. 51,93,881 അംഗങ്ങളെ പ്രതി നിധീകരിച്ച് 590 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പതാകജാഥ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തിൽനിന്ന് ഞായറാഴ്ച സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബുവിന്റെയും കൊടിമരജാഥ തിരുവനന്തപുരം ഹഖ് മുഹമ്മദ് മിഥ്ലാജ് സ്മാരകത്തിൽനിന്ന് തിങ്കളാഴ്ച കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോമിൻ്റെയും നേതൃത്വത്തിൽ പുറപ്പെടും. ദീപശിഖ കൊടുങ്ങല്ലൂർ കെ യു ബിജു രക്തസാക്ഷി സ്മാരകത്തിൽനിന്ന് കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷിന്റെ നേതൃത്വത്തിൽ എത്തിക്കും. പതാകജാഥ ഡിവൈഎഫ്ഐ പ്രഥമ പ്രസിഡൻ്റ് ഇ പി ജയരാജനും ദീപശിഖാ ജാഥ മുൻ പ്രസിഡൻ് കെ എൻ ബാലഗോപാലും കൊടിമരജാഥ മുൻ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും ഉദ്ഘാടനംചെയ്യും.









0 comments