അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി, ലക്ഷ്യം അട്ടിമറി?

വടകര : അധ്യാപികമാർ പ്രതിയായ എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വടകര സിഐ എവി ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂർ സർക്കിളിലേക്കാണ് സ്ഥലം മാറ്റം. കേസിൽ അന്വേഷണം നിർണായകമായ ഘട്ടത്തിൽ എത്തി നിൽക്കവേ ഉദ്യോഗസ്ഥനെ മാറ്റിയത് സംശയങ്ങളുയർത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് കീഴിൽ ദിനേശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. വനിത പൊലീസുദ്യോഗസ്ഥരും ജില്ല നർക്കോട്ടിക് സെല്ലിലെയും സൈബർ സെല്ലിലേയും വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെയും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയ പത്തംഗ എസ്ഐടിയാണ് രൂപീകരിച്ചത്. ഇതിലുള്ള മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് മാറ്റമെന്ന് പറയുന്നുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയമുയരുന്നുണ്ട്. നിലവിൽ മൂന്ന് അധ്യാപികമാർ അടക്കം അഞ്ച് പേരാണ് റിമാൻഡിലുള്ളത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയ്‌നർ നീഷ്‌മ എന്നിവരാണ് പിടിയിലായത്. അധ്യാപികമാർ ഉറ്റ സുഹൃത്തുക്കളാണ്. നീഷ്‌മയുടെ വീട്ടിൽ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാരും പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലൂടെ ഇടപാടായി നടന്നിട്ടുള്ളത്. പണം ലഭിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനകൾ പുറത്തുവന്നിരുന്നു. കേസിലെ മറ്റ് പ്രതികൾ സംസ്ഥാനത്തിന് പുറത്താണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു.
ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായി ശേഖരിക്കാനുള്ള നീക്കത്തിനിടയിലാണ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. അറസ്റ്റിലായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും വിശദമായി പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. മുഖ്യകണ്ണികളിലേക്ക് കൂടുതൽ അടുക്കുന്നതിനിടെ വിവരങ്ങളെല്ലാം അറിയാവുന്ന ഉദ്യോഗസ്ഥനെ മാറ്റിയതിൽ ദുരൂഹത ഉയരുന്നുണ്ട്. എംഡിഎംഎ ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന് ശൃംഖലയുള്ളതായി സംശയമുണ്ട്. കീർത്തനക്കും കാവ്യക്കും പുറമെ മറ്റു അധ്യാപികമാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടിലൂടെ അമ്പത് ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ട്. ലഹരിമരുന്ന് ആവശ്യമുള്ളവർ ആയിരം, രണ്ടായിരം എന്നിങ്ങനെ നിരവധി തവണയായി കൈമാറിയ ഇടപാടുകൾ നൂറുകണക്കിനുണ്ട്. അതിനാൽത്തന്നെ ലഹരി ഉപഭോക്താക്കളായ നിരവധി പേർ അടങ്ങുന്ന വൻ ശൃംഖല ഇതിന് പിന്നിലുള്ളതായാണ് വിവരം. ഉപഭോക്താക്കളെ ലഹരി വിൽപ്പനയുടെ കാരിയർമാരാക്കി യഥാർഥ പ്രതികൾ കാണാമറയത്താണുള്ളത്. കേസിൽ ആഴത്തിലുള്ള അന്വേഷണം നടന്നാൽ മാത്രമേ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ എത്തിക്കാൻ കഴിയൂ. എന്നിങ്ങനെയിരിക്കെ സ്വാഭാവിക നടപടിയെന്ന പേരിൽ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് കേസ് അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. തൂഫാൻ എന്ന പേരിൽ കൊട്ടിഘോഷിച്ച് പദ്ധതി കൊണ്ടുവന്നിട്ടും തുടർനടപടികൾ സ്വീകരിക്കുന്നത് കുറവാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥനെ മാറ്റിയത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തർ പ്രതിയായ എംഡിഎംഎ കേസിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. പ്രതികളെ രക്ഷിക്കാനായി തെളിവുകൾ ശേഖരിക്കുന്നതടക്കമുള്ളവ വൈകിപ്പിക്കുകയാണ് പൊലീസ്. സമാനമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽനിന്ന് എംഡിഎംഎ പിടിച്ച കേസിൽ പ്രതിയെ അറസ്‌റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. ഇതിന് പിന്നിലും ഉന്നതതല രാഷ്‌ട്രീയ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.









0 comments