ബിജെപി വീണ്ടും വെട്ടില്‍; പൂഞ്ഞാറിലേക്ക് നാലരക്കോടി എത്തി, പണം എങ്ങോട്ടുപോയെന്ന് അറിയില്ലെന്ന് പി സി ജോർജ്

കോട്ടയം : ബിജെപിയെ വീണ്ടും കുരുക്കിലാക്കി ഫണ്ട് വെട്ടിപ്പിൽ പുതിയ വെളിപ്പെടുത്തൽ. പൂഞ്ഞാറിൽ തെരഞ്ഞെടുപ്പിന് ബിജെപി നൽകിയ ഫണ്ട് എങ്ങോട്ട് പോയെന്ന് തനിക്ക് അറിയില്ലെന്ന് ബിജെപി നേതാവ് പി സി ജോർജ് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടി രൂപ മണ്ഡലത്തിനായി നൽകിയെന്നും എന്നാൽ പണം ചെലവഴിക്കപ്പെട്ടില്ലെന്നുമാണ് പി സി ജോർജ് പറയുന്നത്.
എരുമേലിയിൽ നടന്ന പരിപാടിയിലാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ. നാലരക്കോടി രൂപയാണ് പൂഞ്ഞാറിലെ പ്രവർത്തനങ്ങൾക്കായി ബിജെപി നൽകിയത്. ഒരു ബൂത്തിൽ 31,000 രൂപ ചിലവഴിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. സജി കൂരിക്കാട് എന്ന ബിജെപി നേതാവിനായിരുന്നു ചുമതല. 4 കോടി 45 ലക്ഷം രൂപ ചെലവായതായി തനിക്ക് കണക്കുനൽകി. എന്നാൽ പണം പലയിടത്തും എത്തിയില്ല. ഈ പണമെല്ലാം എങ്ങോട്ട് പോയെന്ന് അറിയില്ല.
കാളകെട്ടിയിൽ തനിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്ന വോട്ടിൽ കുറവ് കണ്ടതോടെ ബൂത്തിന്റെ ചുമതലയുള്ള വ്യക്തിയെ വിളിച്ചുചോദിച്ചു. എന്നാൽ പണം ലഭിച്ചില്ല എന്നായിരുന്നു മറുപടി. തുടർന്ന് സജിയോട് ചോദിച്ചപ്പോൾ പണം നൽകാൻ മറന്നുപോയെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം പ്രവർത്തനത്തിലുണ്ടായിരുന്ന പല നേതാക്കളും പുതിയ കാർ വാങ്ങിച്ചു. പണമൊക്കെ എങ്ങോട്ട് പോയെന്ന് അറിയില്ല- പി സി ജോർജ് പറഞ്ഞു. വൃത്തികെട്ടവൻമാരാണ് പാർട്ടിയിലുള്ളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിക്കുകയേ ഉള്ളൂ. മോഷ്ടിച്ചവനെയൊന്നും വെറുതെ വിടില്ല. പ്രാകുന്നത് ഞാനാണെന്നും പി സി ജോർജ് പറഞ്ഞു.
ഒരു മണ്ഡലത്തിൽ ആകെ ചെലവാക്കാൻ കഴിയുന്നത് 40 ലക്ഷം രൂപയാണ്. എന്നിരിക്കെ നാലര കോടി എത്തിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെ പി സി ജോർജ് തന്റെ പ്രസ്താവന തിരുത്തി വീണ്ടും രംഗത്തെത്തി. ഇലക്ഷൻ ഫണ്ടിനെപ്പറ്റി തനിക്ക് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് പി സി ജോർജ് ഇപ്പോൾ പറയുന്നത്.









0 comments