വിജയ് സർക്കാരിന്റെ നൂറ് ദിനങ്ങൾ; ജനക്ഷേമവും വ്യവസായ വികസനവും മുഖ്യം

Image Credit : The News Minute
ചെന്നൈ : വിജയ് നയിക്കുന്ന ടിവികെ സർക്കാർ അധികാരത്തിലേറി തിങ്കളാഴ്ച 100 ദിവസം പൂർത്തിയാക്കുകയാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും മാറിമാറി ഭരിച്ച തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ മാറ്റം അടയാളപ്പെടുത്തിയാണ് ടിവികെ അധികാരത്തിലെത്തിയത്. 100 ദിവസത്തിനുള്ളിൽ നിരവധി ജനക്ഷേമ പദ്ധതികൾക്കാണ് ടിവികെ സർക്കാർ തുടക്കമിട്ടത്. ഏപ്രിലിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ടിവികെ മെയ് 10നാണ് സർക്കാർ രൂപീകരിച്ചത്. മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
അധികാരമേറ്റയുടനെ വിജയ് മൂന്ന് പ്രധാന ഫയലുകളിൽ ഒപ്പുവച്ചു. 500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഓരോ രണ്ട് മാസത്തിലും 200 സൗജന്യ യൂണിറ്റ് വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായി സിംഗപ്പെൺ എന്ന പേരിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, 65 മയക്കുമരുന്ന് വിരുദ്ധ യൂണിറ്റുകൾ സ്ഥിപിക്കും എന്നിവയായിരുന്നു അത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യവിൽപ്പനശാലകൾ സർക്കാർ അടച്ചുപൂട്ടി. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തി. അമ്മ കാന്റീനുകൾ നവീകരിക്കാൻ ഉത്തരവിട്ടു. നാമമാത്ര കർഷകരുടെ 50,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചു. ഇങ്ങനെ അധികരാത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ വിജയ് സർക്കാർ തമിഴ്നാട്ടിൽ ജനക്ഷേമ പദ്ധതികൾക്ക് തുടക്കമിട്ടു.
സർക്കാർ രൂപീകരിച്ച ശേഷം ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച വേളയിലും വിജയ് പ്രാധാന്യം നൽകിയത് തമിഴ്നാടിന്റെ ക്ഷേമത്തിനാണ്. മേക്കെദാട്ടു അണക്കെട്ട് തർക്കവും തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളും വിജയ് പ്രധാനമന്ത്രിയെ അറിയിച്ചു. ജൂൺ 9ന് സിങ്കപ്പെൺ സേനക്ക് തുടക്കമിട്ടു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം പദ്ധതി പ്രഖ്യാപിച്ചു.
പുതുക്കിയ ബജറ്റിൽ നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. അതിൽ നവവധുവിന് എട്ട് ഗ്രാം സ്വർണ നാണയങ്ങളും പട്ടു വസ്ത്രങ്ങളും, കുടിലുകൾ മാറ്റിസ്ഥാപിക്കാൻ 70,000 കോൺക്രീറ്റ് വീടുകൾ, 11ാം ക്ലാസ് വിദ്യാർഥികൾക്ക് ആധുനിക സൈക്കിളുകൾ, സർക്കാർ കോളേജ് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച 125 വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ധനമന്ത്രി മരിയ വിൽസൺ ബജറ്റിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
വ്യവസായ മേഖലക്കാണ് ടിവികെ സർക്കാർ ഏറ്റവും കൂടുതൽ പ്രധാന്യം നൽകിയത്. ആദ്യ 100 ദിവസത്തിനുള്ളിൽ 104 കരാറുകളിലൂടെ ഒരു ലക്ഷം കോടിയിലധികം നിക്ഷേപം ആകർഷിച്ചതായി സർക്കാർ പറയുന്നു. തമിഴ്നാട്ടിലെ നിക്ഷേപകർക്കായി നടത്തിയ വെട്രി തമിഴ്നാട് കോൺക്ലേവിൽ മാത്രമായി കോടികളുടെ നിക്ഷേപമാണ് ലഭിച്ചത്. 23 ജില്ലകളിലായി 1.07 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള 67,452 കോടി രൂപയുടെ 97 കരാറുകളിൽ കോൺക്ലേവിൽ ഒപ്പുവച്ചു.
ക്രമസമാധാനം, ലൈംഗിക കുറ്റകൃത്യങ്ങൾ, വൈദ്യുതി തടസം, മാലിന്യ സംസ്കരണത്തിലെ പാകപ്പിഴകൾ എന്നിങ്ങനെയുള്ള വിഷയങ്ങളുയർത്തി പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. വെല്ലുവിളികൾക്കിടയിലും ക്ഷേമ വികസനവും അഴിമതിക്കെതിരായ പോരാട്ടവും ശക്തിപ്പെടുത്തി ഭരണപരമായി മുന്നേറാനാണ് വിജയ് സർക്കാരിന്റെ ലക്ഷ്യം.









0 comments