ad
Deshabhimani

ദേശീയപാത പൂര്‍ത്തിയാകാനുള്ള കാത്തിരിപ്പ് നീളുന്നു, മേൽപാല നിര്‍മ്മാണങ്ങൾ പലതും കരാര്‍ ഘട്ടത്തിൽ തന്നെ

NH
വെബ് ഡെസ്ക്

Published on Aug 16, 2026, 01:02 PM | 2 min read

കോഴിക്കോട്: കേരളം കാത്തിരുന്ന പുതിയ ദേശീയപാതയുടെ നിര്‍മ്മാണ പൂര്‍ത്തീകരണം ഇനിയും വൈകും. ഇതുവരെ വേഗതയോടെ മുന്നേറിയിരുന്ന കരാറുകളിൽ പലതും ഇഴയുന്നു. പുതിയ നിര്‍മ്മിതികൾ നിര്‍ദ്ദേശിക്കപ്പട്ടവയിൽ തുടര്‍ പ്രവര്‍ത്തനങ്ങൾ മന്ദഗതിയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി ജാഗ്രതയോടെയുള്ള ഇടപെടലുകളിൽ മുന്നേറിയിരുന്ന ഇത്തരം അധിക പ്രവൃത്തികളിൽ പിന്തുടര്‍ച്ചയില്ലാത്ത സാഹചര്യമാണ്.


കാസര്‍ക്കോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ദൈര്‍ഘ്യമുള്ള ദേശീയ പാതയുടെ നിര്‍മ്മാണം കേരളത്തിന്റെ പ്രതീക്ഷാപൂര്‍വമുള്ള കാത്തിരിപ്പാണ്. 2028 ൽ എങ്കിലും ഈ ദൂരം തടസമില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയാണ് നീളുന്നത്.


പുതിയതായി ഉൾപ്പെടുത്തിയ വയഡക്ടുകൾ നിര്‍മ്മിക്കുന്നതിന്റെ കരാര്‍ ഘട്ടം പോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. പരിസ്ഥിതി പ്രശ്നവും മഴയും കാലാവസ്ഥാ വെല്ലുവിളികളും പരിഗണിച്ച് മാറ്റം വരുത്തിയ റീച്ചുകളിലാണ് വെല്ലുവിളികൾ ഏറെയും. ഇപ്പോൾ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിൽ തന്നെ മേൽപാലം നിര്‍മ്മിതി 2028 വരെ നീട്ടി നൽകിയിരിക്കയാണ്.


കടലാസു പണികൾ എന്നു തീരും


കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിലെ 7.67 കിലോമീറ്ററിൽ 12 വയഡക്ടുകൾ നിർമിക്കാൻ 2 മാസം മുൻപാണു ടെൻഡർ ക്ഷണിച്ചത്. മണ്ണിട്ട് നികത്തി റോഡ് പണിതാൽ ഉറക്കില്ലെന്ന കണ്ടെത്തിലിലാണ് മാറ്റം പരിഗണിച്ചത്. ഇതിന്റെ നടപടികൾ ഇനിയും എങ്ങുമെത്തിയില്ല. ഈ പ്രവൃത്തി രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കാനാവുമോ എന്ന വെല്ലുവിളി നിലനിൽക്കുന്നു. ഔദ്യോഗിക കരാര്‍ നടപടി ക്രമങ്ങൾ പോലും ആയിട്ടുമില്ല. തെക്കൻ കേരളത്തിലാണ് ഭൂരിഭാഗം റീച്ചുകളിലും നിർമാണം ഇഴയുന്നത്.


2028നു മുൻപ് ഈ വയഡക്ടുകൾ പൂർത്തിയായില്ലെങ്കിൽ യാത്രാദുരിതം തുടരും. കരാർ പ്രകാരം കഴിഞ്ഞ മാർച്ചിനു മുൻപ് നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. അശാസ്ത്രീയ നിർമാണം മൂലം പാത തകർന്നതിനെത്തുടർന്ന് പുതിയ ഡിസൈൻ തയാറാക്കിയുള്ള പുനർനിർമാണം, നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാപ്രശ്നങ്ങൾ, ഉപകരാറുകാരെ ഏര്‍പ്പെടുത്തിയുള്ള കമ്മീഷൻ പണി എന്നിവയെല്ലാം തിരിച്ചടിയായി. ഗുജറാത്തിനും യുപിക്കും പുറത്ത് ഒരു പ്രവര്‍ത്തി പരിചയവും ഇല്ലാതിരുന്ന കമ്പനികൾ വരെ ഇങ്ങനെ കേരളത്തിൽ എത്തി.


കരാറുകാരെ മാറ്റിയിട്ടും ഇഴയുന്നു


കടമ്പാട്ടുകോണം-കഴക്കൂട്ടം 29.8 കി.മീ പാത 77% ശതമാനമാണ് പൂര്‍ത്തിയായത്. ഇതിൽ തന്നെ 7.67 കി.മീ വയഡക്ട് ബാക്കിയാണ്. 2027 ഏപ്രിൽ 30 ന് പൂര്‍ത്തിയാക്കേണ്ട നിര്‍മ്മാണമാണ്. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ 12.7 കിലോമീറ്റർ ദൈര്‍ഘ്യമുള്ളതാണ്. ഇതിൽ 91% പണികൾ പൂര്‍ത്തിയായി. എന്നാൽ ഇത് പുതുക്കിയ കരാർ പ്രകാരം 2027 ജനുവരി 6 ന് തീര്‍ക്കേണ്ടതാണ്.


അഴിയൂര്‍ വെങ്ങളം കുരുക്ക്


ഏറ്റവും പിന്നിൽ അഴിയൂർ-വെങ്ങളം 40.8 കി.മീ പാതയുടെ നിര്‍മാണമാണ്. ഇതിൽ 68% മാത്രമാണ് പൂര്‍ത്തിയായത്. 2028 മാർച്ച് 30 വരെ കരാര്‍ നീട്ടി നൽകിയിരിക്കയാണ്. ഇതിനിടയിൽ അദാനിയുടെ ഉപകരാറുകാരെ മാറ്റി. കൊറ്റുകുളങ്ങര-കൊല്ലം ബൈപാസ് തുടക്കം വരെ 31.5 കി.മീ നിര്‍മാണം ഇതുവരെ 77% ൽ എത്തി നിൽക്കയാണ്. 2027 ഡിസംബർ 31 ന് തീര്‍ക്കേണ്ട പദ്ധതിയാണ്. അടുത്തവര്‍ഷം നവംബർ 30 ന് പൂര്‍ത്തിയാക്കേണ്ട പറവൂർ-കൊറ്റുകുളങ്ങര 37.5 കി.മീ പാത ഇതുവരെ 77% മാത്രമാണ് ഗതാഗത യോഗ്യമായിട്ടുള്ളത്.


ചെങ്കള-നീലേശ്വരം റീച്ച് 91% വും നീലേശ്വരം-തളിപ്പറമ്പ് ആറുവരിപ്പാത 87% ആയി നിൽക്കുന്നു. 2027 മാർച്ച് 31 ന് തീര്‍ക്കേണ്ടതാണ്. അടുത്ത മെയ് മാസം തീര്‍ക്കേണ്ട കൊടുങ്ങല്ലൂർ-ഇടപ്പള്ളി 26 കി.മീ നിര്‍മ്മാണം ഇപ്പോഴും 71% ൽ നിൽക്കുന്നു. തുറവൂർ-പറവൂർ 38.4 കി.മീ – 81% പൂര്‍ത്തിയായി.
തളിക്കുളം-കൊടുങ്ങല്ലൂർ 28.7 കി.മീ 94% പൂര്‍ത്തിയായി. കൊല്ലം ബൈപാസ് തുടക്കം മുതൽ – കടമ്പാട്ടുകോണം 31.2 കി.മീ 96% ശതമാനം പൂര്‍ത്തിയായി.
തളിപ്പറമ്പ്-മുഴപ്പിലങ്ങാട് 29.9 കി.മീ പാത 84% ലും നിൽക്കുന്നു. ദേശീയപാത എൻഎച്ച് 66ഇപ്പോൾ 45മീറ്ററിലാണ് ആറുവരിയായി പുനർനിർമിക്കുന്നത്.ഇതിന് തിരുവനന്തപുരംമുതൽ കാസർകോടുവരെ 1079.66ഹെക്ടർ ഭൂമി ഏറ്റെടുത്ത് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home