യുദ്ധത്തിനിടെ ഇറാനും ഖത്തറും നേര്‍ക്കു നേര്‍
വെടിവെച്ചിട്ട വൈമാനികരെ വിട്ടുനൽകണമെന്ന് ഇറാൻ;ആരും കസ്റ്റഡിയിലില്ലെന്ന് ഖത്തര്‍

ദോഹ: സൈനിക നീക്കത്തിനിടെ വിമാനം തകര്‍ന്നു വീണ് ഖത്തര്‍ അതിര്‍ത്തിയിൽ അകപ്പെട്ട തങ്ങളുടെ പൈലറ്റുമാരെ ഉടൻ വിട്ടു നൽകണമെന്ന് ഇറാൻ ഖത്തറിനോട് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പൈലറ്റുമാരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ഖത്തര്‍ ഔദ്യോഗികമായി പ്രതികരിച്ചു.
ഇറാൻ സായുധ സേനാ ജനറൽ മുഹമ്മദ് ബാഖർസാദയാണ് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി വഴി ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിൽ ഖത്തറിലെ യുഎസ് താവളമായ അൽ ഉദൈദ് ആക്രമിച്ചപ്പോഴാണ് ഇറാന്റെ Su-24 യുദ്ധ വിമാനങ്ങൾ തകര്‍ന്നു വീണത്.
പൈലറ്റുമാരായ ജവാദ് സലേഹി, അബ്ദുൽ മജീദ് ദശ്തിയൻ, ഒമ്രാൻ ബെഹ്‌റൂഷിയാൻ എന്നിവരെ ഖത്തര്‍ ജീവനോടെ പിടികൂടി. ആറു മാസമായി തടവിൽ പാര്‍പ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ടുകൾ ഉണ്ടായത്.
ജനീവ കൺവൻഷൻ പ്രകാരമാണ് ഇറാൻ ആവശ്യം ഉന്നയിച്ചത്. ബന്ധുക്കളുമായി സംസാരിക്കാനോ ഇറാൻ അധികൃതരെ ബന്ധപ്പെടുവാനോ ഇവരെ അനുവദിക്കുന്നില്ല എന്നാണ് പരാതിപ്പെട്ടത്. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി.
ആക്രമണം നടന്ന ദിവസം ഒരു പൈലറ്റിന്റെ മൃതദേഹം മാത്രമാണ് ലഭിച്ചത് എന്നാണ് ഖത്തര്‍ പ്രതികരിച്ചത്. എപ്രിലിൽ തന്നെ മൃതദേഹം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. എങ്കിലും ഇറാൻ മറുപടി നൽകിയില്ല എന്നും വിശദമാക്കി. ഇതോടെ ഇറാനും ഖത്തറും പശ്ചിമേഷ്യൻ സംഘര്‍ഷത്തിൽ നേര്‍ക്കു നേര്‍ വരുന്ന സാഹചര്യം ഉണ്ടായിരിക്കയാണ്.









0 comments