ഓണത്തിന് ‘പുത്തൻ വണ്ടി’; വാഹന വിപണിയിൽ ബുക്കിംഗ് കുതിക്കുന്നു


പി എസ് മഞ്ജരി
Published on Aug 16, 2026, 11:34 AM | 2 min read
തിരുവനന്തപുരം : ഓണക്കാലത്ത് മുറ്റത്തൊരു പുത്തൻ വാഹനമെന്നത് പലരുടെയും സ്വപ്നമാണ്. കുടുംബത്തോടൊപ്പം പുതിയ വണ്ടിയിൽ ഒരു ഓണയാത്ര കൂടിയാവുമ്പോഴാണ് പലർക്കും ആഘോഷം പൂർണമാകുന്നത്. ആകർഷകമായ ഓഫറുകളെത്തി തുടങ്ങിയതോടെ ഓണമെത്തും മുൻപേ വാഹന വിപണിയിൽ ഓണത്തിരക്ക് തുടങ്ങി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വാഹന ബുക്കിംഗുകൾ 30 ശതമാനം മുതൽ 50 ശതമാനം വരെ വർധിച്ചതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
ഈ ഓണക്കാലത്ത് വാഹന വിപണിയിൽ വൻ മത്സരമാണ് നടക്കുന്നത്. മാരുതിയിൽ അൾട്ടോ കെ10, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസൈർ, ബ്രെസ്സ, എർട്ടിഗ എന്നീ മോഡലുകൾക്കാണ് ഉത്സവ സീസണിൽ ആവശ്യക്കാരുള്ളത്. എന്നിരുന്നാലും മാരുതി സ്വിഫ്റ്റ് കാറുകളാണ് വില്പനയിൽ ഒന്നാം സ്ഥാത്ത്. ടാറ്റയുടെ പഞ്ചിനും വൻ ഡിമാൻഡ് ആണ്. പ്രീമിയം പുത്തൻ കാർ തിരുയുന്നവരെ ആകർഷിക്കുന്നത് മാരുതിയുടെ ഫോങ്ക്സ് ആണ്. ഹ്യുണ്ടായിൽ ഐ20, ക്രെറ്റ, എക്സ്റ്റർ, ഐ10 നിയോസ് മോഡളുകളോടാണ് ഉപഭോക്താക്കൾക്ക് താല്പര്യം. കിയയുടെ സെൽറ്റോസും പ്രീമിയമായി പലരും തിരഞ്ഞെടുക്കുന്നുണ്ട്.
സിഎൻജി മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കോഴിക്കോട്ടെ ഒരു പ്രധാന ഡീലർ പറയുന്നു. ഇന്ധനക്ഷാമവും വിലവർധനവുമാകാം ദൈനംദിന യാത്രകൾക്ക് പലരും സിഎൻജി തിരഞ്ഞെടുക്കാൻ കാരണം. ആവശ്യക്കാരേറെയുണ്ടെങ്കിലും വാഹനങ്ങളുടെ കുറവാണ് ഓണക്കാലത്തെ വാഹന വിപണിയെ വലക്കുന്ന പ്രധാന പ്രശ്നം. മിക്ക മോഡലുകൾക്കും നിലവിൽ ഏതാനും ആഴ്ചകൾ മാത്രമാണ് കാത്തിരിപ്പ് കാലയളവ്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില മോഡലുകൾക്കുള്ള കാത്തിരിപ്പ് സമയം എട്ട് ആഴ്ച വരെയാണ്. ഓണക്കാലത്ത് വാഹനങ്ങൾ ഡെലിവർ ചെയ്യാൻ ആഗ്രഹിക്കുന്ന നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കാണ് വാഹനം വേഗത്തിൽ ലഭ്യമാവുക. അതിനാൽ തന്നെ ഓണക്കാല ഓഫറുകളോടെ പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ നേരത്തെ ബുക്ക് ചെയ്യണമെന്ന് ഡീലർമാർ പറയുന്നു.
ഓണം സീസണിന്റെ ഭാഗമായി മിക്ക ഡീലർമാർക്കും നിർമാതാക്കൾ ടാർഗറ്റ് നൽകിയിട്ടുണ്ട്. വാഹനങ്ങൾക്ക് കാത്തിരിപ്പ് കാലാവധിയുള്ളതിനാൽ നാളെ ചിങ്ങം തുടങ്ങുന്നതോടെ നിലവിൽ അന്വേഷണങ്ങളും ടെസ്റ്റ് ഡ്രൈവുകളും നടത്തുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ബുക്കിംഗും നടത്തുമെന്ന പ്രതീക്ഷയിലാണ് ഡീലർമാർ.
സാധാരണ കാറുകൾക്ക് മാത്രമല്ല പ്രീമിയം മോഡലുകളുടെ വില്പനയും 50 ശതമാനം വരെ കൂടിയിട്ടുണ്ട്. ഈ മാസം ഇതിനകം 300 വാഹനങ്ങൾക്കുള്ള ബുക്കിംഗ് ലഭിച്ചു കഴിഞ്ഞ ഡീലർമാർ വരെയുണ്ട്. 1,200 വാഹനങ്ങൾ വരെ പ്രതിമാസം വിൽക്കുന്ന മറ്റൊരു ഡീലർ ഈ മാസം 1,600 വാഹനങ്ങൾ വിറ്റഴിയുമെന്ന പ്രതീക്ഷയിലാണ്.










0 comments