ചരിത്ര സംരക്ഷണത്തിന് സമഗ്ര ഇടപെടൽ
പുതുചരിത്രം

വേലൂർ അർണോസ് പാതിരി പൈതൃക സ്മാരക സമുച്ചയം
അജീഷ് കർക്കിടകത്ത്
Published on Apr 05, 2026, 10:58 PM | 1 min read
വേലൂർ
പുരാതനമായ വേലൂർ അർണോസ് പാതിരി പൈതൃക സ്മാരകത്തിന് സംരക്ഷണമൊരുക്കി എൽഡിഎഫ് സർക്കാർ. എ സി മൊയ്‌തീൻ എംഎൽഎയുടെ ഇടപെടലിലൂടെ പുരാവസ്‌തു വകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ചാണ് ചരിത്ര സ്‌മാരകത്തിന്റെ സംരക്ഷണം ഉറപ്പാക്കിയത്. 300 വർഷത്തെ പഴക്കമുള്ള വേലൂരിലെ പള്ളിയുൾപ്പെടെ അർണോസ് ഭവന സമുച്ചയത്തെ മൂന്ന് പതിറ്റാണ്ടുമുമ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. പള്ളി – മ്യൂസിയം സംരക്ഷണം, ഭാഷാപഠന കേന്ദ്രം, മുസിരിസ്- അർണോസ് പാതിരി സാംസ്കാരിക ഇടനാഴി തുടങ്ങിയ പദ്ധതികൾ ടൂറിസം, പുരാവസ്തു വകുപ്പുകൾ സംയുക്തമായാണ് ആവിഷ്‌കരിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ എ സി മൊയ്തീന്റെ ഇടപെടലിൽ വേലൂർ അർണോസ് സ്‌മാരക സമുച്ചയം ഉൾപ്പെടുന്ന പള്ളി സംരക്ഷണത്തിനും കിഴക്കേ ഗോപുരം നിർമാണത്തിനുമായി 56.22 ലക്ഷം രൂപ അനുവദിച്ചു. പള്ളിക്കുള്ളിലെ ചിതലരിച്ച കഴുക്കോലുകളും പട്ടികകളും ഉത്തരങ്ങളും മാറ്റി കിഴക്കേ ഗോപുരം പുനർനിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തി നടപ്പാക്കി. തുടർന്ന് 14 ലക്ഷം രൂപ ചെലവിൽ അർണോസ് പാതിരി ഭവനം പഴമയുടെ തനിമ ചോരാതെ സംരക്ഷിച്ചു. വരുംതലമുറയ്‌ക്ക് ചരിത്ര പഠനത്തിനുള്ള ഇടം കൂടിയായി അർണോസ് പാതിരിയുടെ പൈതൃക സ്മാരകത്തിനെ നിലനിർത്താനുള്ള ഇടപെടലാണ് എ സി മൊയ്‌തീനും എൽഡിഎഫ് സർക്കാരും നടപ്പാക്കിയത്. മലയാള – സംസ്‌കൃത ഭാഷകൾ ആഴത്തിൽ പഠിച്ച വിദേശി അർണോസ് പാതിരി 20 വർഷത്തോളം വേലൂരിൽ താമസിച്ച് സാഹിത്യ രചന നടത്തിയിരുന്നു. ജ്ഞാനപ്പാന ശൈലിയിൽ രചിച്ച പുത്തൻപാന, മലയാളത്തിലെ ആദ്യ വിലാപകാവ്യമായി കരുതുന്ന ഉമ്മാടദുഃഖം, ചതുരാന്ത്യം, വ്യാകുല പ്രബന്ധം, ജനോവപർവ, ഉമ്മാപർവ, സംസ്കൃത വ്യാകരണം, ഗ്രാമാറ്റിക്ക - ഗ്രന്ഥാണിക്ക, മലയാളം പോർച്ചുഗീസ് നിഘണ്ടു, മലയാളം വ്യാകരണം എന്നിവ പ്രധാന കൃതികളാണ്.










0 comments