ad
Deshabhimani

കൺമുന്നിൽ 
വനലോകം

തൃശ‍ൂർ സുവോളജിക്കൽ പാർക്കിലെ കടുവ ചന്ദുവിന്റെ ഫോട്ടൊയെടുക്കുന്ന കുട്ടികൾ

വെബ് ഡെസ്ക്

Published on Mar 01, 2026, 12:49 AM | 1 min read

സ്വന്തം ലേഖകൻ

തൃശൂർ ​

‘നമ്മള്‌ കണ്ടിട്ടുള്ളത്‌ പോലെയല്ല ഇത്‌, കൂട്ടിനുള്ളിലല്ല, ഓടി നടക്കുകയാണ്‌,’– വ്യൂ പോയിന്റിൽനിന്ന്‌ കടുവയെ നോക്കി മൂന്നാം ക്ലാസുകാരി ദിയ ഒപ്പമുള്ള അവന്തികയോട്‌ പറഞ്ഞു. ഒറ്റപ്പാലം കെവിയിലെ വിദ്യാർഥികളായ ഇരുവരും സ്‌കൂളിൽനിന്ന്‌ തൃശൂർ മൃഗശാല കണ്ട ഓർമകളുമായാണ്‌ സുവോളജിക്കൽ പാർക്കിലെത്തിയത്‌. എന്നാൽ ഇവിടത്തെ കാഴ്‌ചകൾ അവരെ ഞെട്ടിച്ചു. വെള്ളത്തിലിറങ്ങി കുളിച്ച്‌ ഉല്ലസിക്കുന്ന കടുവയെ കണ്ട്‌ ഇവർക്ക്‌ മതിവന്നില്ല. എന്നാലും കാഴ്‌ചകൾ ഇനിയും ഉണ്ടെന്നതിനാൽ നടത്തം തുടർന്നു. എരിവമംഗലം സ്വദേശിയായ ലീല അശോകനെ ആകർഷിച്ചത്‌ ഇവിടത്തെ പ്രകൃതിയാണ്‌. ‘ബംഗളൂരു അടക്കമുള്ള മൃഗശാലകൾ കണ്ടിട്ടുണ്ട്‌. എന്നാൽ ഇവിടെയുള്ള ഭംഗി അവിടെയൊന്നുമില്ല. മരങ്ങളൊക്കെ വളർന്ന്‌ കഴിഞ്ഞാൽ കാണാൻ കൂടുതൽ രസമാകും’– ലീല പറഞ്ഞു. തനത്‌ ആവാസ വ്യവസ്ഥയിൽ കഴിയുന്ന മൃഗങ്ങളും പ്രകൃതിയും ചേർന്ന് സൃഷ്ടിക്കുന്ന പുതിയ ലോകമാണ്‌ തൃശൂർ സുവോളജിക്കൽ പാർക്കിൽ സന്ദർശകരുടെ മുന്നിൽ തുറന്നത്‌. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാജൻ എന്നിവർ ആദ്യ സന്ദർശകരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജ്‌ പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ ആടലരശൻ, സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി എൻ നാഗരാജ്‌, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ തുടങ്ങിയവരും ആദ്യ സന്ദർശനത്തിന്റെ ഭാഗമായി. അയ്യായിരത്തോളം പേരാണ്‌ ശനിയാഴ്‌ച ഇവിടെയെത്തിയത്‌. തനത് ആവാസവ്യവസ്ഥയിൽ മൃഗങ്ങള്‍ എങ്ങനെ ജീവിക്കുന്നെന്ന് തൊട്ടുചേർന്ന് കാണാൻ കഴിയുന്ന വിസ്മയക്കാഴ്ചയാണ്‌ കിഫ്‌ബി കരുത്തിൽ സാധ്യമായത്‌. 336 ഏക്കറിൽ പുതിയ സങ്കേതങ്ങൾകൂടി ഉപയോഗിച്ചാണ്‌ പാർക്ക്‌ നിര്‍മിച്ചത്‌. നൂറിലധികം ഇനം മൃഗങ്ങളും പക്ഷികളുമായി ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ എന്ന ഖ്യാതിയിലേക്കാണ്‌ പാർക്കിന്റെ വാതിൽ സന്ദർശകർക്ക്‌ മുന്നിൽ തുറന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home