ഇ മെയിൽ, വാട്സാപ് ഹാക്കിങ്ങിലൂടെ പണം തട്ടും
ലക്ഷ്യം വ്യാപാരികളും ധനകാര്യ സ്ഥാപനങ്ങളും

സ്വന്തം ലേഖകൻ
തൃശൂർ
വ്യാപാരികളേയും ധനകാര്യസ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് വ്യാപകമായി സാന്പത്തിക തട്ടിപ്പ് നടക്കുന്നു. ഇമെയിൽ, വാട്സാപ് എന്നിവ ഹാക്ക് ചെയ്താണ് പണം തട്ടിയെടുക്കുന്നത്. വ്യാപാരികളെയും ധനകാര്യ സ്ഥാപനങ്ങളെയുമാണ് ഇൗ സംഘങ്ങൾ കൂടുതൽ ലക്ഷ്യമിടുന്നത്. വൻ തുക തട്ടിപ്പിലൂടെ നഷ്ടപ്പെടുമെന്നും കരുതിയിരിക്കണമെന്നും സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ് പറഞ്ഞു. വ്യാപാരികൾക്ക് വിബിഎസ് (സ്‌ക്രിപ്‌റ്റ്), ബിൻ (ബൈനറി ഡാറ്റാ ഫയൽ), ഐഎംജി (ഡിസ്‌ക് ഇമേജ്) എന്നിങ്ങനെയുള്ള ഫയലുകളിലൂടെ വ്യാജ ഓർഡർ ഇ മെയിലുകളിലായോ വാട്സാപ്പ് വഴിയോ ലഭിക്കും. അതുമല്ലെങ്കിൽ ബൾക്ക് ഓർഡറുകൾ, ജിഎസ്ടി ഇൻവോയ്സ് എന്നിങ്ങനെയുള്ള വ്യാജ ഫയലുകളാണ് അയക്കുക. ഇത് ക്ലിക്ക് ചെയ്‌താൽ ഇ മെയിൽ അല്ലെങ്കിൽ വാട്സാപ് ഹാക്ക് ആയി വിദൂര നിയന്ത്രണ ആപ്പുവഴി സിസ്റ്റത്തിലേയോ മൊബൈൽ ഫോണിലേയോ വിവരങ്ങൾ കൈവശപ്പെടുത്തും. പാസ്‌വേഡ്, ഒടിപി എന്നിവ ചോർത്തിയെടുത്ത് അതുവഴി പണം തട്ടിയെടുക്കുകയാണ് രീതി. ധനകാര്യ സ്ഥാപനങ്ങളിൽ പണമിടപാട് നടത്തുന്ന പ്രധാന വ്യക്തികളുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങൾ ചോർത്തിയെടുക്കും. ചാറ്റ് ഹിസ്റ്ററി വ്യാജമായി സൃഷ്ടിച്ചും തട്ടിപ്പുനടത്തും. ആന്റി വൈറസുകൾക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിലാണ് ബാങ്ക് ലോഗിൻ വിവരങ്ങൾ ചോർത്തുന്നത്. കരുതൽ നിർദേശങ്ങൾ - സംശയകരമായ ഫയലുകളോ ലിങ്കുകളോ തുറക്കാതിരിക്കുക. ബാങ്കിങിനായി പ്രത്യേക സിസ്റ്റം ഉപയോഗിക്കുക. സാധാരണ ഇ മെയിലുകൾ പരിശോധിക്കുന്ന സിസ്റ്റത്തിൽ ബാങ്കിങ്ങ് ഇടപാടുകൾ ഒഴിവാക്കുക. വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ ഓർഡറുകൾ ലഭിക്കുമ്പോൾ അയച്ച സ്ഥാപനവുമായി നേരിട്ടോ ഫോണിലോ വിളിച്ച് നിജസ്ഥിതി ഉറപ്പുവരുത്തണം. ലൈസൻസുള്ള മികച്ച ആന്റി വൈറസ് ഉപയോഗിച്ച് സിസ്റ്റം പതിവായി അപ്ഡേറ്റ് ചെയ്യുക. തട്ടിപ്പിന് ഇരയായാൽ സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിക്കുക. www.cybercrime.gov.in പോർട്ടലിലോ അടുത്തുള്ള സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.










0 comments