ad
Deshabhimani

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആലോചനായോഗം

കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്ര ഉപദേശക സമിതിയും ഉത്സവ സംഘാടക സമിതിയും ചേർന്ന്‌ 
നടത്തിയ ആലോചനായോഗത്തിൽ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ രവീന്ദ്രൻ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jun 09, 2026, 12:27 AM | 1 min read

പരമ്പരാഗത വെടിക്കെട്ട് ഉപേക്ഷിക്കരുതെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍

തൃശൂര്‍

പരമ്പരാഗത വെടിക്കെട്ട് ഉപേക്ഷിക്കരുതെന്നും സുരക്ഷിതമായ വെടിക്കെട്ട് നിര്‍മാണ ശാലകളാണ് ആവശ്യമെന്നും ക്ഷേത്രസമിതി ഭാരവാഹികള്‍. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ 16 പേര്‍ മരിച്ച സാഹചര്യത്തില്‍, ക്ഷേത്രോത്സവങ്ങളില്‍ ആധുനിക രീതിയിലുള്ള വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ആലോചനയോഗത്തിലാണ് ഭൂരിഭാഗം ക്ഷേത്രസമിതി ഭാരവാഹികളും ഈ അഭിപ്രായമുന്നയിച്ചത്. 2016നുശേഷം വെടിക്കെട്ട് നടക്കുന്നയിടങ്ങളില്‍ അപകടമുണ്ടായിട്ടില്ലെന്നും വെടിക്കെട്ട് നിര്‍മാണശാലകളാണ് സുരക്ഷിതമാക്കേണ്ടത്. സർക്കാർ നിയന്ത്രണത്തില്‍ സുരക്ഷിതമായ വെടിക്കെട്ട് നിർമാണ ശാലകൾ നിർമിച്ച് അപകടങ്ങൾ കുറയ്ക്കണം. ചിറ്റണ്ടയിൽ കണ്ടെത്തിയ സ്ഥലത്ത് ഫയർ പാർക്ക് യാഥാർഥ്യമാക്കാൻ സർക്കാർ ശ്രമിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുണ്ടത്തിക്കോട് അപകടമുണ്ടായ സാഹചര്യത്തില്‍ ശബ്ദകാഠിന്യം കുറഞ്ഞതും പ്രകാശത്തിന് മുന്‍ഗണന നല്‍കുന്നതുമായ വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി, ഉത്സവ സംഘാടക സമിതി എന്നിവരുമായി ആലോചന നടത്തണമെന്ന് അന്നത്തെ എല്‍‍ഡിഎഫ് സര്‍ക്കാര്‍ ദേവസ്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആലോചനായോഗം നടത്തിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ അധ്യക്ഷനായി. ബോര്‍ഡംഗങ്ങളായ അഡ്വ. കെ പി അജയന്‍, കെ കെ സുരേഷ് ബാബു, ദേവസ്വം കമീഷണര്‍ എസ് ആര്‍ ഉദയകുമാര്‍, ദേവസ്വം സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണര്‍ കെ സുനില്‍കുമാര്‍, തൃശൂര്‍ പൂരം പങ്കാളികളായ ഘടക ക്ഷേത്രങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി വെടിക്കെട്ട് നടത്തുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉപദേശക സമിതി ഭാരവാഹികള്‍, ദേവസ്വം ഉന്നത ഉദ്യോഗസ്ഥര്‍, ദേവസ്വം ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടത്തു. ആധുനിക രീതിയില്‍ വെടിക്കെട്ട് നടത്തുന്നതിന് ഉപദേശക സമിതി ഭാരവാഹികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home