മുഖ്യമന്ത്രിയും കെപിസിസിയും പ്രതികരിക്കണം: സിപിഐ എം

തൃശൂർ
കൈക്കൂലിക്കേസിൽ എംഎൽഎക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന കോടതി ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രിയും കെപിസിസി നേതൃത്വവും പ്രതികരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ വി അബ്‌ദുൾഖാദർ ആവശ്യപ്പെട്ടു. അപമാനകരമായ നിലവാരമാണ് ഭരണകക്ഷി എംഎൽഎയുടേതെന്ന് ഈ കേസ് വ്യക്തമാക്കുന്നു. മാടക്കത്തറ വില്ലേജിൽ ഒറയാംപുറത്ത് ഭാരതിയമ്മയുടെ പേരിലുള്ള 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കാൻ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും മറ്റൊരു കോൺഗ്രസ് നേതാവും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഭാരതിയമ്മയുടെ മകനും പരാതിക്കാരനുമായ ദേവേന്ദ്രൻ സജീവ കോൺഗ്രസ് പ്രവർത്തകൻകൂടിയാണ്. ഇദ്ദേഹത്തിന്റെ പരാതിയിലാണ് പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്നുകണ്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞിരിക്കുന്നത്. അഴിമതിയുടെ ചെളിക്കുണ്ടിലാണ് ഭരണകക്ഷിയായ കോൺഗ്രസും യുഡിഎഫും. സ്വന്തം പാർടിക്കാർക്കുതന്നെ മറച്ചുവയ്ക്കാൻ കഴിയാത്ത അഴിമതി ദുർഭൂതങ്ങളായി എംഎൽഎമാർ മാറുന്നു. യുഡിഎഫിന്റെ മറ്റൊരു എംഎൽഎ മാണി സി കാപ്പനെതിരെ പിഴയും തടവു ശിക്ഷയും കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. എംഎൽഎക്കെതിരെ സ്വന്തം പാർടി പ്രവർത്തകർ തന്നെ കോടതിയെ അഭയം പ്രാപിക്കുകയാണ്. അഴിമതി വീരനായ എംഎൽഎക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.










0 comments