കുറ്റുമുക്കിലുണ്ട്; കഴുതകൾക്കൊരു ‘അച്ചൻ’

തൃശൂർ കുറ്റുമുക്കിലെ ഫാമിൽ -ഫാ. ഡേവീസ് ചക്കാലക്കൽ കഴുതകളെ പരിപാലിക്കുന്നു
സി എ പ്രേമചന്ദ്രൻ
Published on Jul 17, 2026, 12:04 AM | 1 min read
തൃശൂർ
കഴുതകളെ തോഴരാക്കി പരിപാലിക്കുന്ന ഒരു പാതിരിയുണ്ട് തൃശൂരിൽ. പള്ളികളിൽ കുർബാന നടത്തുന്ന ഒരു അച്ചൻ. ഒഴിവുനേരങ്ങളിൽ കഴുതകൾക്കൊപ്പമിരുന്ന് അവരെ പരിപാലിക്കുന്നയാൾ.. അമ്മ എൽസയും കുഞ്ഞ് ഇസയും തുടങ്ങി 35 കഴുതകളുടെ ഒരേയൊരു "അച്ചൻ' ആണ് ഫാ. ഡേവിസ് ചക്കാലക്കൽ. ചേറൂർ കുറ്റുമുക്കിൽ നെസ്‌റ്റിനോടനുബന്ധിച്ചുള്ള ഫാമിൽ കഴുതകളുടെ പാല് കറന്നും അവയെ പരിപാലിച്ചുമാണ് ഫാ. ഡേവിസ് ചക്കാലക്കൽ 10 വർഷമായി കാരുണ്യവഴിയിലെ തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. 27 പെണ്ണും എട്ട് ആണും ഉൾപ്പെടെ 35 കഴുതകളാണ് ഫാമിലുള്ളത്. ഇതിൽ ഏഴടിയോളം ഉയരമുള്ള ഹൈബ്രിഡ് ഇനമായ പ്രിൻസ് ഏഷ്യാഡിക് വൈൽഡ് ഡോങ്കിയുണ്ട്. ഒന്പത് കഴുതകളെ കറക്കുന്നുണ്ട്. പുല്ലാണ് പ്രധാന തീറ്റ. നവധാന്യപ്പൊടിയും ഗോതന്പും അരിയും വേവിച്ച് കപ്പലണ്ടി പിണ്ണാക്കും തേങ്ങ പിണ്ണാക്കും ആട്ടമാവും ചേർത്ത് കുഴന്പാക്കി നൽകും. മുട്ടത്തോട് പൊടിച്ചും നൽകും. സുരക്ഷിതമായ ഷെഡും മേയാൻ വിശാലമായ സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഒരു കഴുതയിൽനിന്ന് 350 മില്ലി പാലാണ് ലഭിക്കുക. ലിറ്ററിന് 7000 രൂപ വരെ വില ലഭിക്കും. ഉണക്ക ചാണകത്തിന് കിലോക്ക് 800 രൂപയും മൂത്രം ലിറ്ററിന് 450 രൂപയും ലഭിക്കും. അച്ചനൊപ്പം കഴുത പരിപാലനത്തിന് സഹായികളുമുണ്ട്. ലഭിക്കുന്ന വരുമാനം പാവങ്ങൾക്ക് വീട് നിർമാണത്തിനും ചികിത്സാ സഹായത്തിനും വിനിയോഗിക്കുകയാണ്. ഓശാന നാളിൽ കഴുതപ്പുറത്ത് ഇൗശോയെ എഴുന്നള്ളിക്കുന്നത് ആചാരമാണ്. ഇതിനായി കഴുതകളെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. വെള്ളാറ്റഞ്ഞൂർ പള്ളിയിൽ വച്ച് ആദ്യമായി കഴുതയെ വാങ്ങി ആചാരം നടത്തി. ക്രിസ്‌തു സഞ്ചരിച്ച ഏക മൃഗമെന്ന നിലയിയാണ് കഴുത സംരക്ഷണമെന്ന ചിന്തയിലേക്ക് കടന്നത്. ജോസ-ഫിന്റെയും മറിയത്തിന്റെയും യാത്രയിൽ മറിയത്തെ വഹിച്ചതും കഴുതയാണെന്ന് പഴയ ബൈബിളിൽ പറയുന്നെന്നും അദ്ദേഹം പറഞ്ഞു.










0 comments