ഇന്ന് വരവേൽപ്പ്
പാറമേക്കാവിന് തിടന്പേറ്റാൻ തൃക്കടവൂർ ശിവരാജു

തൃക്കടവൂർ ശിവരാജു
തൃശൂർ
തൃശൂർ പൂരത്തിന് ഇത്തവണ പാറമേക്കാവ് വിഭാഗത്തിനായി കൊന്പൻ തൃക്കടവൂർ ശിവരാജു തിടന്പേറ്റും. ഞായർ പകൽ 12ന് പാറമേക്കാവ് എഴുന്നള്ളിപ്പിനും തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനുമാണ് തിടന്പേറ്റുക. കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയായ ശിവരാജു ആദ്യമായാണ് പാറമേക്കാവിനായി തിടന്പേറ്റുന്നത്. തൃശൂരിൽ എത്തുന്ന ശിവരാജുവിന് ശനി രാവിലെ 9.30ന് വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരനടയിൽ വരവേൽപ്പ് നൽകും. തുടർന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. തൃക്കടവൂരിലെ ‘ശിവരാജു പ്രേമി’കളാണ് ഏക്കത്തുകയായ രണ്ടര ലക്ഷം രൂപ അടയ്ക്കുന്നത്. നിരവധി ആനപ്രേമികളും തൃക്കടവൂർ ശിവരാജു ഫാൻസ് അസോസിയേഷൻ പ്രവർത്തകരും തൃശൂരിൽ എത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജ പട്ടം നൽകി ആദരിച്ച ശിവരാജു, ബോർഡിന് കീഴിലെ ഏറ്റവും ഉയരമുള്ള ആനയാണ്. കൊട്ടാരക്കര, വൈക്കം, തിരുനക്കര, തുറവൂർ, അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, ഹരിപ്പാട്, ആറ്റുകാൽ എന്നിവിടങ്ങളിലും ആറാട്ടിന് ശിവരാജുവാണ് തിടമ്പ് ഏറ്റാറുള്ളത്. പാറമേക്കാവ് വിഭാഗത്തിന്റെ രാത്രി പൂരത്തിന് പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റും. പിറ്റേന്ന് രാവിലെ എറണാകുളം ശിവകുമാറും തിടമ്പേറ്റും.










0 comments