ഐ എം വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് ഇന്ന് നാടിന് സമർപ്പിക്കും
പുലിവയറിൽ ഐ എം വിജയൻ, ആവേശത്തിമിർപ്പിൽ ഘോഷയാത്ര

" യെവൻ പുലിയാണ് '.... ഐ എം വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള വിളംബര ജാഥയിൽ അണിനിരന്ന പുലികളി വേഷത്തിലെ തന്റെ ചിത്രം കൗതുകത്തോടെ നോക്കുന്ന ഐ എം വിജയൻ ഫോട്ടോ: എം എ ശിവപ്രസാദ്
സ്വന്തം ലേഖകൻ
തൃശൂർ
ലാലൂരിൽ ഐ എം വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്ര നഗരത്തെ ആവേശത്തിമിർപ്പിലാക്കി. പുലികളിയും കാവടിയും വാദ്യഘോഷങ്ങളുമായി നൂറുകണക്കിന് കായിക പ്രേമികൾ ഘോഷയാത്രയിൽ പങ്കാളിയായി. സ്‌കെയ്‌റ്റിങ് താരങ്ങളും അണിനിരന്നു. പുലി വയറിൽ ഐ എം വിജയനെ വരച്ചത് കാണാൻ വിജയൻ നേരിട്ടെത്തി. മേയർ എം കെ വർഗീസ്, ഐ എം വിജയൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ്, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി കുരിയൻ മാത്യൂ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. കോർപറേഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര തെക്കേ ഗോപുരനടയിൽ സമാപിച്ചു. തിങ്കൾ വൈകിട്ട് ആറിന് മന്ത്രി വി അബ്ദുറഹിമാൻ ഐ എം വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിർവഹിക്കും. 50 കോടി ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. അടുത്ത ഘട്ടത്തിൽ 50 കോടി കൂടി ചെലവഴിക്കും. അക്വാട്ടിക്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം മന്ത്രി കെ രാജനും പവലിയൻ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദുവും നിർവഹിക്കും. സ്‌പോർട്‌സ് കോംപ്ലക്‌സിൽ 5000 പേർക്കിരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയം, ബാഡ്മിന്റൺ, വോളിബാൾ, ബാസ്‌കറ്റ് ബാൾ, ഹാൻഡ്‌ബാൾ, കോർട്ടുകൾ, ഫുട്ബാൾ ഗ്രൗണ്ട്, പ്രാക്ടീസ് പൂൾ, പവലിയൻ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയിട്ടുള്ളത്.









0 comments