കൊടുങ്ങല്ലൂർ ഭരണി
ചെറുഭരണി കൊടിയേറി

ചെറുഭരണി കൊടിയേറ്റത്തിന്റെ ഭാഗമായി നടന്ന പട്ടും താലിയും സമർപ്പണ ചടങ്ങ്
കൊടുങ്ങല്ലൂർ
കുംഭ മാസത്തിലെ ഭരണി നാളിൽ കൊടുങ്ങല്ലൂർ കാവിലെ ആൽമരങ്ങളിൽ കൊടിക്കൂറകൾ ഉയർന്നു പാറി. കാവിൽ വീട്ടുകാർ പട്ടും താലിയും സമർപ്പിച്ചതോടെ കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന്റെ വരവറിയിച്ച് ചെറു ഭരണി കൊടിയേറി. തിങ്കൾ രാവിലെ അവകാശികളായ കാവിൽ വീട്ടുകാർ വാദ്യമേളങ്ങളോടെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി. വലിയ തമ്പുരാൻ നൽകിയ പവിഴ മാലകൾ ധരിച്ചത്തിയ കാവിൽ വീട്ടിലെ കാരണവർ ആനന്ദനും ശിവകുമാറും വടക്കേ നടയിലെ ചുവന്ന പട്ടു വിരിച്ച കല്ലിൽ ആയിരങ്ങളെ സാക്ഷിയാക്കി പട്ടും താലിയും സമർപ്പിച്ചു. ഇതോടെ ആൽമരങ്ങളിലും പന്തലുകളിലും കൊടിക്കൂറകൾ ഉയർത്തി. മാർച്ച് 15 ന് മീനമാസത്തിലെ തിരുവോണ നാളിൽ കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കും. തുടർന്ന് കോമരങ്ങൾ കാവേറ്റം തുടങ്ങും. കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടൽ മാർച്ച് 21 ന് നടക്കും. കൊടിയേറ്റ ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡംഗം കെ പി അജയൻ, കമീഷണർ എസ് ആർ ഉദയകുമാർ, ഡെപ്യൂട്ടി കമീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷ്ണർ എം ആർ മിനി, ദേവസ്വം മാനേജർ കെ വിനോദ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ കെ ഭരതൻ, സെക്രട്ടറി വി സന്തോഷ് എന്നിവർ നേതൃത്വം നൽകി.









0 comments