Deshabhimani

പദ്ധതിക്ക്‌ തുടക്കമിട്ടത്‌ മുൻ എൽഡിഎഫ്‌ സർക്കാർ

മാട്ടുപുറം–ചേന്ദമംഗലം പാലം നിർമാണം തുടങ്ങി

Mattupuram–Chendamangalam Bridge

മാട്ടുപുറം ചേന്ദമംഗലം പാലം നിർമാണോദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 02:51 AM | 1 min read

പറവൂർ

​

ചേന്ദമംഗലം പഞ്ചായത്തിലെ മാട്ടുപുറത്തെയും കോട്ടയിൽ കോവിലകത്തെയും ബന്ധിപ്പിക്കുന്ന മാട്ടുപുറം–ചേന്ദമംഗലം പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. മന്ത്രി പി കെ ബഷീർ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കിഫ്‌ബി പദ്ധതിയിൽ 14.50 കോടി രൂപ ചെലവഴിച്ചാണ് പാലംനിർമാണം. മുൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. കിഫ്‌ബിയിൽ 15 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു.


സമീപവാസികളായ 22 പേരില്‍നിന്ന്‌ 2.28 കോടി രൂപയുടെ സ്ഥലം ഏറ്റെടുത്തു. രണ്ടുമാസംമുമ്പ് ഉടമകൾക്ക് തുക കൈമാറി പാലത്തിന് ആവശ്യമായ സ്ഥലം മുഴുവനായും ഏറ്റെടുത്തു. തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.45 കോടി രൂപയ്‌ക്കുള്ള ഭരണാനുമതി ലഭിച്ചു.


തുടർന്ന് ടെൻഡർ നടപടികൾ ആരംഭിച്ചു. കാസർകോട് എംഎസ് ആൻഡ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ്‌ കരാർ. എസ്റ്റിമേറ്റ് പ്രകാരം 129 മീറ്റർ നീളത്തിൽ ഏഴ് സ്പാനോടുകൂടിയാണ് പാലം നിർമിക്കുന്നത്. അപ്രോച്ച് റോഡ്‌ കോട്ടയിൽ കോവിലകം ഭാഗത്ത് 66 മീറ്ററും മാട്ടുപുറം ഭാഗത്ത് 127 മീറ്ററും ആണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ നിർമാണച്ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി ആർ സൈജൻ, സെബാസ്റ്റ്യൻ വേവുകാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എ ഹരിദാസ്, ടി എ മുജീബ്, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബെസ്സി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, ടി ജി അനൂബ്, നമിത ജോസ്, കെ എൻ അജിത, നിഷ ഷംനാഥ്‌, എസ് ദീപു, എം ജഗദീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home