Deshabhimani

കൃഷിയിടങ്ങൾ നശിപ്പിച്ചു കാട്ടാനശല്യത്തിൽ കണ്ണീരോടെ കർഷകർ

റാണിപുരത്ത് ആനക്കൂട്ടം നശിപ്പിച്ച കായ്ഫലമുള്ള കവുങ്ങ്
വെബ് ഡെസ്ക്

Published on Nov 08, 2026, 03:00 AM | 1 min read

രാജപുരം റാണിപുരവും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിൽ. രാത്രികാലത്ത്‌ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ജീവിതം പ്രതിസന്ധിയിലാക്കുന്നു. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ വിളകളാണ് നശിപ്പിക്കുന്നത്. വായ്പയെടുത്തും കടംവാങ്ങിയും കൃഷിയിറക്കുന്ന കർഷകർക്ക് വിളനാശം വലിയ സാമ്പത്തിക ബാധ്യതകൂടി സൃഷ്ടിച്ചു. കാട്ടാനകളെ തടയാൻ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ലെന്ന പരാതിയുമുണ്ട്‌. കൃഷിനാശം സംഭവിച്ചാൽ ഇപ്പോൾ അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. കഴിഞ്ഞദിവസം റാണിപുരത്ത്‌ കൂട്ടത്തോടെ എത്തിയ കാട്ടാന പാട്ടകൃഷി നടത്തിവന്ന ബി സുരേഷിന്റെ 200ലധികംവരുന്ന കായ്ഫലമുള്ള കവുങ്ങ് പാടെ നശിപ്പിച്ചു. ബാങ്കിൽനിന്ന്‌ ലോണെടുത്തും കടംവാങ്ങിയും മറ്റുമാണ് കവുങ്ങ് പാട്ടത്തിനെടുത്തത്. മൂപ്പെത്താറായ അടക്കയുള്ള കവുങ്ങുകളാണ് ആന നശിപ്പിച്ചത്‌. രാപകൽ വ്യത്യാസമില്ലാതെ ജനവാസകേന്ദ്രങ്ങളിലേക്ക് 12ലധികം ആനകളാണ് കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി സംരക്ഷണമില്ലാതെ നശിക്കുന്ന സ്ഥിതിയാണ്. 6 കിലോമീറ്റർ ദൂരത്തെ സൗരോർജ വേലിയാണ് നിലവിൽ പ്രവർത്തനരഹിതമായത്. വേലിയിൽ പലയിടങ്ങളിലും ആനകൾ ചവിട്ടിയും കാറ്റത്ത്‌ മരങ്ങൾ വീണും വള്ളിപ്പടർപ്പുകൾ കയറിയും കമ്പികൾ നശിച്ച നിലയിലാണ്. വേലി സംരക്ഷണത്തിന്‌ വനം വകുപ്പ് ഫണ്ട് അനുവദിക്കാത്തതുൾപ്പെടെ ദുരിതത്തിനിടയാക്കുന്നു. റാണിപുരം, കുറത്തിപ്പതി, കുണ്ടുപ്പള്ളി ഭാഗങ്ങളിൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ എത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയുന്നതിൽ ഏറെ സഹായകരമായിരുന്ന സൗരോർജ വേലിയാണ് അനധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. സോളാർ വൈദ്യുത വേലിയുടെ പ്രവർത്തനങ്ങൾ നിർവഹിച്ച വനസംരക്ഷണ സമിതിയുടെ കാലാവധി കഴിഞ്ഞ് മൂന്ന് മാസമായിട്ടും പുതിയ സമിതി നിലവിൽ വരാത്തതും പ്രശ്‌നത്തിന്‌ കാരണമാണ്‌. വനസംരക്ഷണ സമിതി വാച്ചർമാരെയും വനം വകുപ്പ് താൽക്കാലിക വാച്ചർമാരേയും ഉപയോഗിച്ച്‌ സോളാർവേലി സംരക്ഷണം നടത്താം എന്നിരിക്കെ വനം വകുപ്പ് പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home