ഏലൂരിൽ വ്യാപകമായി ഭൂമിതരംമാറ്റൽ; ഇടനിലക്കാർ രംഗത്ത്

ഏലൂർ ഫെറിയിൽ വില്ലേജ് ഓഫീസിനുസമീപം തരം മാറ്റിയ തണ്ണീർത്തടം
കളമശേരി
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഏലൂർ നഗരസഭയിൽ വ്യാപകമായി ഭൂമിതരംമാറ്റൽ നടക്കുന്നു. തണ്ണീർത്തടം ഉൾപ്പെടെയാണ് മാറ്റുന്നത്. തരം മാറ്റിനൽകാൻ നിശ്ചിത ഫീസ് നിരക്കിൽ ഏജന്റുമാരും സജീവമായി രംഗത്തുണ്ട്. ഏലൂർ ഫെറിയിൽ വില്ലേജ് ഓഫീസിനടുത്തായി പാടം തരംമാറ്റി.
ഏലൂർ വടക്കുംഭാഗത്ത് നെൽക്കൃഷി നടത്തുന്ന 20 ഏക്കർ പാടശേഖരത്തിനുസമീപത്ത് തണ്ണീർത്തടം തരംമാറ്റി. ഫാസ്റ്റ് ഗോഡൗണിന് സമീപത്തും ഡിപ്പോയിലും ഇങ്ങനെ തരംമാറ്റൽ നടത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഭൂമിനികത്തലും ആരംഭിച്ചിട്ടുണ്ട്.
ക്രമക്കേട് അന്വേഷിക്കണം: സിപിഐ എം
ഏലൂർ നഗരസഭയിൽ തണ്ണീർത്തടം ഉൾപ്പെടെ വ്യാപകമായി നടത്തുന്ന തരംമാറ്റൽ ഗൗരവത്തോടെ കാണണമെന്ന് സിപിഐ എം ഏലൂർ നഗരസഭ പാർലമെന്ററി പാർടി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മാനദണ്ഡം പാലിക്കാതെ ഇടനിലക്കാർ പണം വാങ്ങി തരംമാറ്റി നൽകുന്നതായി ആക്ഷേപമുണ്ട്. അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും സെക്രട്ടറി എ ഡി സുജിൽ ആവശ്യപ്പെട്ടു.






0 comments