Deshabhimani

ഉച്ചഭക്ഷണ ഗ്രാന്റ്‌ വർധിപ്പിക്കുന്നില്ല

പണത്തിനായി പ്രധാനാധ്യാപകർ നെട്ടോട്ടത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2026, 03:09 AM | 1 min read

കോഴിക്കോട്‌

വിപണിയിൽ അവശ്യസാധനങ്ങളുടെ വില കത്തിക്കയറിയിട്ടും സ്‌കൂളുകളിൽ പോഷകാഹാരത്തിനും ഉച്ചഭക്ഷണത്തിനുമുള്ള ഗ്രാന്റ്‌ സർക്കാർ വർധിപ്പിക്കാത്തതിനാൽ അധ്യാപകർ വലയുന്നു. ഉച്ചഭക്ഷണത്തിനും പാലിനും മുട്ടയ്ക്കുമുള്ള അധിക പണം കൈയിൽനിന്നെടുത്ത്‌ ചെലവാക്കി കടംകയറിയ അവസ്ഥയിലാണ്‌ ജില്ലയിലെ എൽപി, യുപി– പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപകർ. ചിലയിടങ്ങളിൽ പിടിഎയുടെയും മറ്റ്‌ അധ്യാപകരുടെയും സഹായത്തോടെയും സ്‌പോൺസർമാരെ കണ്ടെത്തിയുമാണ്‌ സാധനങ്ങൾ വാങ്ങുന്നത്‌. തിരക്കിനിടയിൽ ഇതിനുവേണ്ടിയുള്ള നെട്ടോട്ടം വേറെയും. പാലിനും കോഴിമുട്ടക്കുമുള്ള തുക വർധിപ്പിക്കാത്തതാണ് അധ്യാപകരെ കടക്കെണിയിലാക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയും നൽകണം. ഒരുമുട്ടയ്ക്ക് ആറുരൂപയാണ് സർക്കാർ അനുവദിക്കുന്നത്. വിപണിയിൽ ഏഴുമുതൽ 7.30 രൂപയാണ്‌ മുട്ടവില. ഇതനുസരിച്ച്‌ ഓരോ മുട്ടയ്ക്കും ഒന്നുമുതൽ 1.50 രൂപവരെ പ്രധാനാധ്യാപകർ അധികമായി കണ്ടെത്തണം. 500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒരുദിവസം മുട്ടയ്ക്കുമാത്രം 500 മുതൽ 750 രൂപവരെ കണ്ടെത്തേണ്ടി വരുന്നു. ഒരുമാസത്തേക്ക്‌ ഇത്‌ 2000 മുതൽ 3000 വരെയാണ്‌ അധിക തുക കണ്ടെത്തേണ്ടത്‌. പാലിന്റെ കാര്യത്തിൽ ഇതിലും കടുപ്പമാണ്‌ കാര്യങ്ങൾ. ഒരുലിറ്റർ പാൽ വാങ്ങാൻ അനുവദിച്ച തുക 52 രൂപയാണ്. മിൽമ പാലിന് സർക്കാർതന്നെ നിശ്ചയിച്ച വില 60 രൂപയും. ഒരുപാക്കറ്റ്‌ പാലിന്‌ മുകളിൽ എട്ട്‌ രൂപ അധികമായി കണ്ടെത്തണം. ഇത്തരത്തിൽ ശരാശരി 500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ആഴ്‌ചയിൽ രണ്ടുതവണ പാൽ വിതരണംചെയ്യുമ്പോഴേക്കും കീശ കാലിയാകും. പച്ചക്കറികൾക്കും പലചരക്ക്‌ സാധനങ്ങൾക്കും വില കൂടിയതോടെ ഉച്ചഭക്ഷണത്തിനും അധിക പണം കണ്ടെത്തണമെന്നായി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പോഷകാഹാരത്തിന്‌ പ്രത്യേകമായി ഫണ്ട്‌ അനുവദിച്ചത്‌. പിഎം പോഷൺ പദ്ധതിയിലാണ്‌ സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നത്‌. 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ്‌ വഹിക്കുന്നത്‌. ഇ‍ൗ തുക മൂന്നുമാസത്തോളം വൈകിയാണ്‌ നിലവിൽ സ്‌കൂളുകൾക്ക്‌ ലഭിക്കുന്നത്‌. പണം ലഭിക്കാൻ വൈകുന്നതിനനുസരിച്ചുള്ള ചെലവുകളും അധ്യാപകർ സ്വയംകണ്ടെത്തണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home