Deshabhimani

അന്യായ സ്ഥലംമാറ്റം; ഒഴിവുണ്ടായിട്ടും ദൂരേക്ക്‌ മാറ്റി

അന്യായ സ്ഥലംമാറ്റ ഉത്തരവിനെതിരെ കെജിഎൻഎ ഡിഎംഒ ഓഫീസിന്‌ മുന്നിൽ പ്രതിഷേധിച്ചപ്പോൾ

അന്യായ സ്ഥലംമാറ്റ ഉത്തരവിനെതിരെ കെജിഎൻഎ ഡിഎംഒ ഓഫീസിന്‌ മുന്നിൽ പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 08, 2026, 03:13 AM | 1 min read

കോഴിക്കോട്‌

ആശുപത്രികളിലെ രക്തസാമ്പിൾ ശേഖരണം നഴ്‌സുമാരുടെ ഉത്തരവാദിത്തമാക്കിയുള്ള സർക്കാർ ഉത്തരവിന്‌ പിന്നാലെ ആരോഗ്യവകുപ്പിന് കീഴിലുള്ള നഴ്സുമാരെ അന്യായമായി സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുമിറങ്ങി. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ 50 മുതൽ 70 കിലോമീറ്റർവരെ ദൂരേക്കാണ്‌ നഴ്സുമാരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റിയത്. ഒരേസ്ഥലത്ത്‌ അഞ്ചുവർഷംവരെ തുടരാൻ സംരക്ഷണമുള്ള, പെൺകുട്ടികൾ മാത്രമുള്ള രണ്ട് വനിതകൾക്കുൾപ്പെടെയാണ്‌ സ്ഥലംമാറ്റം. നഗരത്തിൽ ബീച്ച് ജനറൽ ആശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള ഇടങ്ങളിൽ മുപ്പതിലധികം ഒഴിവുകളുണ്ടായിട്ടും വടകര ജില്ലാ ആശുപത്രി, നരിപ്പറ്റ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റിയത്. പകരം ആളുകളെ അവിടേക്ക് നിയമിച്ചിട്ടുമില്ല. സമയ ക്ലിപ്തതപോലും നോക്കാതെ രോഗീപരിചരണത്തിന് മുൻഗണന നൽകുന്ന നഴ്സുമാരെ ഇത്തരത്തിൽ സ്ഥലംമാറ്റുന്നത്‌ ഇതാദ്യമാണെന്നാണ്‌ പറയുന്നത്‌. രണ്ടുമാസം മുന്പാണ് ജില്ലയിൽ നഴ്സുമാരുടെ പൊതുസ്ഥലംമാറ്റം നടന്നത്. തുടരെ തുടരെയുള്ള സ്ഥലംമാറ്റങ്ങൾ ആരോഗ്യമേഖലയെയും നഴ്സുമാരുടെ മനോവീര്യം തകർക്കാനും മാത്രമേ ഉപകരിക്കൂവെന്നും ഭരണാനുകൂല സംഘടനകൾക്ക് യഥേഷ്ടം അഴിമതിക്ക് കളമൊരുക്കാനുള്ള നീക്കംകൂടിയാണെന്നും ചൂണ്ടിക്കാട്ടി കെജിഎൻഎ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. അനുകൂല നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന്‌ കെജിഎൻഎ അറിയിച്ചു. ​ നഴ്സുമാർ പ്രതിഷേധിച്ചു അന്യായമായ സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന്‌ കേരള ഗവ. നഴ്സസ് അസോസിയേഷൻ ഡിഎംഒ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി പ്രജിത്ത്, എ ബിന്ദു, പി റെജിന, എൻ പി വിനീത്, എം ആർ പുഷ്പലത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home