അനധികൃത ഷെല്‍ട്ടറിലെ തെരുവുനായകളെ മാറ്റും; എൽഡിഎഫ് സത്യഗ്രഹം പിൻവലിച്ചു

കാട്ടാക്കട
കോട്ടൂർ കരണ്ടകംചിറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന തെരുവുനായ ഷെൽട്ടറിനെതിരെ എൽഡിഎഫ് അഞ്ചുദിവസമായി നടത്തിവന്ന റിലേ സത്യഗ്രഹം അവസാനിപ്പിച്ചു. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പിനെ തുടർന്നാണ് അവസാനിപ്പിച്ചത്. സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളും അംഗീകരിച്ച് പ്രസിഡന്റും സെക്രട്ടറിയും എഴുതിനൽകി. ഷെല്‍ട്ടറിന് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷണം നടത്താന്‍ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. പതിനഞ്ചുദിവസത്തിനുള്ളിൽ ഷെൽട്ടറിലെ നായകളെ നീക്കണം, അഞ്ചുദിവസത്തിനുള്ളിൽ ഷെൽട്ടര്‍ നടത്തിപ്പുകാരന് സി നിപുവിനെതിരെ നിയമനടപടി സ്വീകരിക്കണം, തെരുവുനായകളെ 30 ദിവസത്തിനകം അംഗീകൃത ഷെൽട്ടറിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളാണ് അംഗീകരിച്ചത്. ഒത്തുതീർപ്പുവ്യവസ്ഥ ലംഘിച്ചാല്‍ ശക്തമായ ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ഞായർ വൈകിട്ട് കുറ്റിച്ചൽ ജങ്ഷനിൽ എൽഡിഎഫ് കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി ഉദ്ഘാടനം ചെയ്യും.







0 comments