മികച്ച ഹരിതകർമസേനയ്ക്കുള്ള പുരസ്‌കാരം നെടുമങ്ങാട് നഗരസഭയ്ക്ക്

നെടുമങ്ങാട്
മികച്ച ഹരിതകർമസേനയ്ക്കുള്ള ഡോ. എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ ‘കേരളീയം 2026' പുരസ്‌കാരം നെടുമങ്ങാട് നഗരസഭയ്ക്ക്. നഗരസഭയിലെ 42 വാർഡുകളിലായി 64 അംഗങ്ങൾ ഉൾപ്പെടുന്ന ഹരിതകർമസേനയുടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹമായത്. നഗരസഭയിലെ 17,921 വീടുകളിൽ 17,896 ഇടങ്ങളിലും (99.86 ശതമാനം) പ്രതിമാസം ഹരിതകർമസേനയുടെ സേവനം ലഭ്യമാക്കുന്നുണ്ട്. നാല് ക്ലസ്റ്ററുകളായി തിരിഞ്ഞ് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യം ശേഖരിച്ച് പുനരുപയോഗത്തിനായി തരംതിരിക്കുന്നതാണ് പ്രധാന പ്രവർത്തനം. മാസത്തിലെ ഒന്നുമുതൽ 15 വരെ മാലിന്യശേഖരണവും തുടർന്നുള്ള ദിവസങ്ങളിൽ പനങ്ങോട്ടേല ആർആർഎഫ് കേന്ദ്രത്തിൽ പ്ലാസ്റ്റിക് തരംതിരിക്കലും നടത്തിവരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ബി എസ് സബിത, ആർ വി രാജേശ്വരി, എൽ ഷീന, എൽ മീര എന്നിവരും ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികളായ ജിജി, അഞ്ജു എന്നിവരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സി കെ ഹരീന്ദ്രൻ എംഎൽഎയിൽനിന്ന് നഗരസഭാ അധികൃതർ പുരസ്‌കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ഹരിതകർമസേനാംഗങ്ങൾക്ക് നഗരസഭ സ്വീകരണം നൽകി. ചെയർമാൻ ആർ ജയദേവൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് എസ് ബിജു, കൗൺസിലർ പി ഹരികേശൻ നായർ, ക്ലീൻ സിറ്റി മാനേജർ എം ആർ രാംകുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എസ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.







0 comments