ട്രോളിങ് നിരോധനം ഇന്നുമുതൽ
ബോട്ടുകൾ തീരമണഞ്ഞു

പി വി ബിമൽകുമാർ
Published on Jun 09, 2026, 12:38 AM | 1 min read
കൊടുങ്ങല്ലൂർ മൺസൂൺകാല ട്രോളിങ് നിരോധനം ചൊവ്വ അർധരാത്രി തുടങ്ങും. മീൻ പിടിത്ത ബോട്ടുകളിലേറെയും കരയ്‌ക്കടുത്തു. അഴീക്കോട്, മുനമ്പം, ചേറ്റുവ ഹാർബറുകളിലായി നൂറിലധികം ബോട്ടുകളാണ് കരയണഞ്ഞത്. ഇതരസംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ടതായും ഫിഷറീസ് വകുപ്പ് അറിയിച്ചു. ജൂലൈ 31 അർധരാത്രി വരെ 52 ദിവസമാണ് മീന്‍പിടിത്തത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ട്രോളിങ് നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും പരിശോധന തുടങ്ങി. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ പരിശീലനം പൂർത്തിയാക്കിയ കടൽ സുരക്ഷാ സേനാംഗങ്ങളും തീരത്ത് സജ്ജമായിട്ടുണ്ട്. നാവികസേനയിൽനിന്നും തീരസംരക്ഷണസേനയിൽനിന്നും പ്രത്യേക പരിശീലനം കിട്ടിയ മറൈൻ എൻഫോഴ്സ്മെന്റ ആന്‍ഡ് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുക. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽബങ്കുകൾ അടച്ചു. ആഴ്ചകളോളം കടലിൽ കറങ്ങിയിട്ടും പ്രതീക്ഷിച്ച അളവിൽ മീൻ കിട്ടിയില്ലെന്ന്തീരത്തെത്തിയ ബോട്ട്‌തൊഴിലാളികൾ പറഞ്ഞു. ഇന്ധനവില ഭീമമായി വർധിച്ചതോടെ വലിയ നഷ്‌ടത്തിലാണ്. ഇനി 52 ദിവസം കടലിൽ പോകാൻ കഴിയില്ല. ജീവിതം കൂടുതൽ ദുരിതത്തിലാകും. സർക്കാർ സഹായം ഉണ്ടാകണമെന്നും തൊഴിലാളികള്‍ പറഞ്ഞു. കരയ്ക്കണഞ്ഞ ബോട്ടുകളിൽ ഇനിയുള്ള ദിവസം അറ്റകുറ്റപ്പണികൾ നടത്തി പെയിന്റടിക്കും. ബോട്ടുകളിൽ പണിയെടുത്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് കുളച്ചൽ സ്വദേശികളാണ് ബോട്ടുകളിലെ കൂടുതല്‍ തൊഴിലാളികള്‍. നല്ല മഴ ലഭിച്ചതിനാൽ തീരക്കടലിൽ നിന്ന് മീൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.








0 comments