കേന്ദ്ര വനനിയമം ആരുമാറ്റും
അറുതിയില്ലാതെ കാട്ടാനക്കലി

എഐ ചിത്രം
നിധിൻ രാജു
Published on Oct 07, 2025, 12:30 AM | 2 min read
ഇടുക്കി
കാട്ടാനക്കലിയിൽ ജില്ലയിൽ ഒരുജീവൻകൂടി പൊലിഞ്ഞു. അറുതിവരാത്ത ആക്രമണങ്ങളിൽനിന്ന് ഓടിയൊളിക്കാനാകാതെ ഭീതിയ്‌ക്കും ആശങ്കയ്‌ക്കും നടുവിൽ കഴിയുന്നത് ആയിരങ്ങൾ. പ്രതിഷേധത്തെ തുടർന്നുണ്ടാക്കുന്ന താൽക്കാലിക പരിഹാരങ്ങളല്ലാതെ ദുരവസ്ഥയ്‌ക്ക് പരിഹാരമില്ല. വനംവകുപ്പിന്റെ ദ്രുതകർമ സേനയും(ആർആർടി) പ്രദേശവാസികളടങ്ങുന്ന പ്രാഥമിക കർമസേനയുമൊക്കെ(പിആർടി) രംഗത്തുണ്ടെങ്കിലും ശാശ്വതപരിഹാരം ഇനിയുമകലെ. പട്ടികയിലെ അവസാനപേരാണ് ചൊവ്വാഴ്‌ച ചിന്നക്കനാൽ ചൂണ്ടലിൽ കൊല്ലപ്പെട്ട ജോസഫ്(62). ഏലത്തോട്ടത്തിൽ ജോലിയിലേർപ്പെട്ടിരുന്ന ജോസഫിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചിന്നക്കനാലിൽ കഴിഞ്ഞവർഷവും ആന ഒരാളുടെ ജീവനെടുത്തിരുന്നു. ടാങ്ക്‌കുടിയിൽ കണ്ണൻ(47) ആണ് മരിച്ചത്. സമീപപ്രദേശങ്ങളായ പന്നിയാറിലും ബിയൽറാമിലും കഴിഞ്ഞവർഷം രണ്ടുപേരെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
ഇൗ വർഷം 5 ജീവൻ
2025ൽ ഇതുവരെ ജില്ലയിൽ അഞ്ചുജീവനുകളാണ് കാട്ടാനയാക്രമണത്തിൽ നഷ്‌ടമായത്. പെരുവന്താനം മതമ്പയിൽ ടാപ്പിങ് തൊഴിലാളി പുരുഷോത്തമൻ(64) കൊല്ലപ്പെട്ടത് ജൂലൈ 29ന്. മതമ്പയിലുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്കിടെയായിരുന്നു കാട്ടാനയുടെ അക്രമണം. ജൂൺ 13ന് പീരുമേട് മീൻമുട്ടി വനത്തിനുള്ളിൽ ആദിവസി സ്‌ത്രീ സീത മരണപ്പെട്ടതും കാട്ടാന ആക്രമണത്തിലാണ്. ഫെബ്രുവരിയിൽ ഒരാഴ്‍ചയ്‍ക്കിടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പെരുവന്താനം കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ സോഫിയ(44) കൊല്ലപ്പെട്ടത് ഫെബ്രുവരി പത്തിനാണ്. തൊട്ടുമുമ്പ് ഫെബ്രുവരി ആറിന് മറയൂർ ചമ്പക്കാട്കുടി സ്വദേശി വിമലനും(57) കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്‌ടമായി. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഫയർലൈൻ തെളിക്കാൻ പോയപ്പോൾ കള്ളിക്കാട് വച്ച് ആക്രമണത്തനിരയാവുകയായിരുന്നു.
2024ൽ 7 പേർ
തോണ്ടിമല പന്നിയാർ എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളി പരിമളം(44)(-2024 ജനുവരി എട്ട്), മൂന്നാറിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ കോയമ്പത്തൂർ സ്വദേശി കെ പോൾരാജ്(79)(ജനുവരി 23), ബിയൽറാം സ്വദേശി സൗന്ദർരാജൻ(68)(ജനുവരി 22 ഉണ്ടായ ആക്രമണത്തെതുടർന്ന് 26ന് മരിച്ചു), മൂന്നാർ കന്നിമല എസ്‌റ്റേറ്റിൽ സുരേഷ് കുമാർ(46)(ഫെബ്രുവരി 26), അടിമാലി കാഞ്ഞിരവേലി ഇന്ദിര രാമകൃഷ്‌ണൻ(72)(മാർച്ച് നാല്), ചിന്നക്കനാൽ ടാങ്ക്‌കുടിയിൽ കണ്ണൻ(47)(ജൂലൈ 21), വണ്ണപ്പുറം മുള്ളരിങ്ങാട് അമർ ഇബ്രാഹിം(23)(ഡിസംബർ 29) എന്നിവരാണ് 2024ൽ കൊല്ലപ്പെട്ടവർ. കൃഷിയിടങ്ങളും വീടുകളും തുടങ്ങി കാട്ടാനകൾ തകർത്തെറിഞ്ഞ നൂറുകണക്കിന് ജീവിതങ്ങൾ വേറെ.
ഭീതിയോടെ ജനത
കേന്ദ്ര വനനിയമങ്ങൾ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്പോൾ എംപി ഇടപെടൽ നടത്തുന്നുമില്ല. സംസ്ഥാന സർക്കാരിനെതിരെ പ്രതികരിച്ച് മുതലെടുപ്പ് നടത്താൻ മാത്രമാണ് നോട്ടം. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ജനവാസമേഖലയിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. വനം അധികൃതർ ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നതും യഥാസമയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാത്തതും മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമാക്കുന്നതായി ആക്ഷേപമുണ്ട്. കാട്ടാന ആക്രമണങ്ങളിൽ ഏറെയും ജനനവാസ മേഖലകളിലായിരുന്നു എന്നത് ഭീതിപ്പെടുത്തുന്നു. തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരടക്കം സുരക്ഷിതരല്ല. കാട്ടാനയെ ഭയന്നാണ് ഭൂരിപക്ഷവും അന്നം തേടുന്നത്.








0 comments