കട്ടപ്പന ബസ് സ്റ്റാന്‍ഡിനെ അവഗണിച്ച് നഗരസഭ: പ്രതിഷേധം ശക്തം

കട്ടപ്പന കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിന്റെ അറ്റകുറ്റപ്പണി വൈകുന്നതിലും വ്യാപാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്തതിലും നഗരസഭ ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം. പ്രവർത്തനമാരംഭിച്ച് 13 വർഷമായിട്ടും ഇതുവരെ നവീകരിച്ചിട്ടില്ല. കാലവർഷം ശക്തിപ്രാപിച്ചതോടെ കെട്ടിടത്തിന്റെ പലഭാഗങ്ങളിലായി ചോർന്നൊലിക്കുകയാണ്. ഉള്ളിൽ പലസ്ഥലങ്ങളിലായി മഴവെള്ളം കെട്ടിക്കിടക്കുന്നു. പുറംഭിത്തികൾ പലതും വിണ്ടുകീറി. ചോർച്ച അടയ്ക്കാൻ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലംകണ്ടില്ല. സ്റ്റാൻഡ് നവീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനങ്ങളും പാഴായി. മഴ പെയ്യുമ്പോൾ സ്റ്റാൻഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ യാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു. യാത്രക്കാർക്കായുള്ള ഇരിപ്പിടങ്ങളും തുരുമ്പെടുത്ത് നശിച്ചു. കട്ടപ്പന പഞ്ചായത്തായിരുന്ന 2010 മെയ് 29നാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. ടെർമിനലിൽ 30ലേറെ കടകളുണ്ടെങ്കിലും ഇതുവരെ കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടില്ല. വ്യാപാരികൾ പണം കൊടുത്താണ് ഇപ്പോഴും വെള്ളം വാങ്ങുന്നത്. വ്യാപാരികൾക്കും ജീവനക്കാർക്കുമായി ശുചിമുറി സൗകര്യവുമില്ല. നിവേദനം നൽകി പുതിയ സ്റ്റാൻഡ് ടെർമിനൽ ഉടൻ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായ സമിതി കട്ടപ്പന യൂണിറ്റ് നിവേദനം നൽകി. മഴക്കാലത്ത് കെട്ടിടം ചോരുന്നതിനാൽ കടകളിലെ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ നശിക്കുന്നു. ഇവിടുത്തെ തകരാറിലായ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം. കഴിഞ്ഞദിവസം ലോട്ടറിക്കടയിൽ മോഷണം നടന്ന സാഹചര്യത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. രാത്രികാലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്നും ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, എം ആർ അയ്യപ്പൻകുട്ടി, ആൽവിൻ തോമസ്, പി ബി സുരേഷ്, പി ജെ കുഞ്ഞുമോൻ എന്നിവർ ആവശ്യപ്പെട്ടു.









0 comments