വി എസ് ഓടിയെത്തി മേത്തൊട്ടിക്കാരെ ചേര്‍ത്തണയ്‍ക്കാൻ

പൂമാല സ്വാമിക്കവലയില്‍ നടത്തിയ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന വി എസ് അച്യുതാനന്ദൻ
കെ പി മധുസൂദനന്‍
Published on Jul 23, 2025, 12:30 AM | 1 min read
തൊടുപുഴ
പൂമാലയില്‍നിന്ന് മേത്തൊട്ടിയിലേക്ക് കല്ലുംമണ്ണും നിറഞ്ഞ പാത. ജീപ്പ് മാത്രമാണ് മലകയറുക. പൂമാല കവലയിലെത്തിയ വി എസ് ചെറുപ്പക്കാരൻ ഡ്രൈവര്‍ റെജിയോട് ‘തന്റെ മിടുക്ക് കാണട്ടേ’യെന്ന് പറഞ്ഞ് ജീപ്പിന്റെ മുൻസീറ്റിലിരുന്ന് മേത്തൊട്ടിയിലെത്തി. ഒരുവിഭാഗം ജനങ്ങളുടെ കണ്ണീരടങ്ങാനും വലിയൊരു വഞ്ചനയിലേക്ക് വീഴാതെയുള്ള കരുതലിനുമുള്ള തുടക്കമായിരുന്നു അത്. വി എസിന്റ മരണവാര്‍ത്തയറിഞ്ഞ് മേത്തൊട്ടി ഗ്രാമവാസികളുടെയും നെഞ്ചുരുകുന്നു. കാല്‍ നൂറ്റാണ്ടോളം മുമ്പാണ്, 2002ല്‍ മേത്തൊട്ടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരുകൂട്ടം ആളുകള്‍ വൃക്ക തട്ടിപ്പിനിരകളായി. ലക്ഷങ്ങള്‍ വാഗ്ദാനം നല്‍കിയശേഷം തുച്ഛമായ തുകയുമായി വഞ്ചിക്കപ്പെട്ടു. ഇന്നും വയറില്‍ വടുക്കുകളുമായി കഴിയുന്നവരുടെ കണ്ണുകള്‍ തട്ടിപ്പിനെതിരെ തുറപ്പിച്ചതും മറ്റുള്ളവര്‍ ചതിയില്‍ അകപ്പെടാതെ കാത്തതും വി എസെന്ന മനുഷ്യസ്‍നേഹി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസിന്റെ സമയോചിത ഇടപെടല്‍ തട്ടിപ്പ് തന്നെ ഇല്ലാതാക്കിയെന്ന് പറയാം. രണ്ടരലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനത്തിലാണ് പതിക്കല്‍ മോഹനൻ തന്റെ വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ കിട്ടിയത് വണ്ടിക്കൂലിയടക്കം 52,000 രൂപ. റേഷനരി പോലും വാങ്ങാൻ ആവതില്ലാതിരുന്ന ഇവിടുത്തുകാരുടെ ദാരിദ്രം ചൂഷണംചെയ്‍തായിരുന്നു തട്ടിപ്പ്. നാട്ടുകാരില്‍ പലരും തട്ടിപ്പിനിരയായെന്ന് പരസ്‍പരം അറിഞ്ഞത് നാളുകള്‍ക്ക് ശേഷം. മോഹനൻ നിയമ നടപടിയുമായി അലഞ്ഞെങ്കിലും നീതിയിന്നും അകലെയാണ്. വി എസ് ഇടപെട്ടതോടെ കൂടുതൽപേര്‍ തട്ടിപ്പിനിരയായില്ല, മോഹനൻ പറഞ്ഞു. പക്ഷേ മോഹനന്റെ പോരാട്ടം വാര്‍ത്തയായി. പരാതി കിട്ടിയതോടെയാണ് വി എസ് മേത്തൊട്ടിയിലെത്തിയത്. റോഡെന്ന പേരുമാത്രമുണ്ടായിരുന്നിടത്തുകൂടി യാത്ര ദുഷ്‍കരം. വലിയകയറ്റവും വളവും ചേരുന്നിടങ്ങളില്‍ പലവട്ടം ജീപ്പ് പിന്നോട്ടുരുണ്ടു. അപ്പോഴെല്ലാം ഞങ്ങള്‍ തള്ളിക്കയറ്റുകയായിരുന്നു, വി എസിന് വഴികാട്ടിയായ സിപിഐ എം പൂമാല ലോക്കല്‍ കമ്മിറ്റിയംഗം എം ഇ നാരായണൻ ഓര്‍ക്കുന്നു. മേത്തൊട്ടിയിലെത്തി തട്ടിപ്പിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കി. പൂമാല സ്വാമിക്കവലയിലെത്തി പൊതുയോഗവും നടത്തിയാണ് വി എസ് മടങ്ങിയത്. തുടര്‍ന്ന് വിഷയം നിയമസഭയില്‍ ഉന്നയിച്ചു. ഇതോടെ പ്രദേശത്തെ വൃക്കത്തട്ടിപ്പ് തന്നെ നിലച്ചു.









0 comments