പിതൃതുല്യനായ വി എസ്: കണ്ഠമിടറി ലൈലാബീവി

കട്ടപ്പന സ്വരാജിലെ വീട്ടിൽ വി എസിന്റെ ഛായാചിത്രത്തിനുമുമ്പിൽ ലൈലാബീവിയും സ്വരാജിലെ പാർടി പ്രവർത്തകരും

സ്വന്തം ലേഖകൻ
Published on Jul 25, 2025, 12:30 AM | 1 min read
കട്ടപ്പന
പിതൃതുല്യനായ വി എസിനെ ലൈല ബീവി അവസാനമായി ഒരുനോക്ക് കണ്ടു. ആ അറുപത്തഞ്ചുകാരിയുടെ കണ്ണുകൾ ഈറനണിഞ്ഞു, കണ്ഠമിടറി. കൺടോൺമെന്റ് ഹൗസിൽ ജോലിചെയ്യുന്ന കാലയളവിൽ വി എസിനൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ അപൂർവ നിമിഷങ്ങൾ മനസിലാകെ നിറഞ്ഞ് ലൈലാബീവി വിങ്ങിപ്പൊട്ടി. കട്ടപ്പന സ്വരാജിലെ ലബ്ബഹൗസ് വീട്ടിലിരുന്ന്, ഒരച്ഛന്റെ സ്‌നേഹവായ്‌പ്പോടെ വി എസ് നൽകിയ ഉപദേശങ്ങളും അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം ചെലവഴിച്ചിരുന്ന നിമിഷങ്ങളും ലൈലാബീവി ഓർത്തെടുക്കുകയാണ്. 2001ൽ പ്രതിപക്ഷ നേതാവായ കാലയളവിലാണ് സഹോദരി ആഴിക്കുട്ടിയെ പരിചരിക്കാൻ ലൈലാബീവി കൺടോൺമെന്റ് ഹൗസിലെത്തിയത്. രണ്ടുവർഷക്കാലം ഇവിടെ ജോലിചെയ്തു. പ്രഭാതഭക്ഷണം കഴിക്കുന്നസമയങ്ങളിൽ, ഇടുക്കിയിലെ സന്ദർശനങ്ങളെക്കുറിച്ചും പുന്നപ്ര- വയലാർ സമരങ്ങളെക്കുറിച്ചും ഒളിവിൽ കഴിഞ്ഞ കാലയളവിലെ ഓർമകളും പങ്കുവച്ചിരുന്നതായി ലൈലാബീവി പറയുന്നു. വി എസിനും ഭാര്യ വസുമതിക്കും ലൈലാബീവി ഏറെ പ്രിയങ്കരിയായിരുന്നു. അദ്ദേഹം നൽകിയ ഉപദേശങ്ങൾ ജീവിതത്തിൽ ഏറെ സഹായകരമായി. വി എസിനായി പച്ചമരുന്നുകൾ തയാറാക്കി നൽകിയിരുന്നതും ലൈലാബീവിയായിരുന്നു. അങ്ങനെ, വി എസിനൊപ്പമുള്ള മറക്കാനാകാത്ത ഒട്ടേറെ നിമിഷങ്ങൾ. പിന്നീട് അമ്മ അസുഖബാധിതയായതോടെയാണ് ലൈലാബീവി തിരികെ സ്വരാജിലേക്ക് മടങ്ങിയത്. വിയോഗവാർത്തയറിഞ്ഞപ്പോൾതന്നെ അദ്ദേഹത്തെ കാണണമെന്ന് സ്വരാജിലെ പാർടി പ്രവർത്തകരെ അറിയിച്ചു. ബുധനാഴ്ച ആലപ്പുഴയിലെത്തി വിലാപയാത്രയ്ക്കിടെ വിഎസിനെ അവസാനമായി കണ്ടു. തൊട്ടുപിന്നാലെ ബോധക്ഷയവുമുണ്ടായി. വിഎസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ബസിലാണ് ലൈലാബീവിയെ സുരക്ഷിതമായി മറ്റൊരിടത്ത് എത്തിച്ചത്. പിന്നീട് സഹപ്രവർത്തകർക്കൊപ്പം മടങ്ങി. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ സജീവ പ്രവർത്തകയാണ് ലൈലാബീവി. ഭർത്താവ് പരേതനായ ഇബ്രാഹിംകുട്ടി. ഏകമകൻ ഷാംജി കണ്ണൂർ ഇരിട്ടിയിലാണ് താമസം.









0 comments