ഒളിവുകാല ഓർമയിൽ കരിമാലിപ്പുഴ വീടും

കുഞ്ഞിപ്പെണ്ണ്
ഇടുക്കി
വി എസിന്റെ ഒളിവുജീവിതത്തിന്റെ ഓർമയിൽ ഇടുക്കി കഞ്ഞിക്കുഴിയിലെ കരിമാലിപ്പുഴ വീടും. പൂഞ്ഞാർ വാലാനിക്കൽ വീട്ടിലെ ഒളിവുജീവിതം വി എസിന്റെ സമരഭരിതമായ ജീവിതത്തിലെ മറക്കാനാവാത്ത ഏടാണ്. വാലാനിക്കൽ തറവാടും കരിമാലിപ്പുഴ വീടും ആ ചരിത്ര പുസ്‌തകത്തിലെ അധ്യായങ്ങളായി മാറി. കുടുംബത്തിലെ കാരണവരായിരുന്ന പരേതനായ ഇട്ടുണ്ണാൻ വൈദ്യരുടെ സഹോദരി പരേതയായ കരിമാലിപ്പുഴ കുഞ്ഞുപെണ്ണ് പിന്നീട് മക്കൾക്കൊപ്പം ഇടുക്കിയിലേക്ക് പോന്നു. നാലുമക്കളിൽ കൃഷ്ണൻ പാലക്കാടിനും മാധവൻ എരുമേലി മുക്കൂട്ടുതറയിലും ശാരദയും കുമാരനും ഇടുക്കി കഞ്ഞിക്കുഴിയിലേക്കും കുടിയേറി. 1946 ഒക്ടോബറിലാണ് വി എസ് അച്യുതാനന്ദൻ പൂഞ്ഞാറിൽ ഒളിച്ചുതാമസിക്കാൻ എത്തിയത്. 30 ദിവസമാണ് വി എസ് ഇവരുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞത്. അവിടെവച്ച് സമീപത്തെ മൂവേലിത്തോട്ടിൽ വെട്ടിക്കുഴിക്കടവിൽ കുളിക്കാൻ പോയപ്പോഴാണ് പൊലീസ് അദ്ദേഹത്തെ പിടികൂടിയത്. തന്റെ കൈയിൽനിന്ന് ഭക്ഷണം കഴിച്ച വി എസിനെക്കുറിച്ചുള്ള ഓർമ കുഞ്ഞുപെണ്ണ് കൊച്ചുമക്കളോട് പങ്കുവച്ചിട്ടുണ്ട്. 1989ൽ കഞ്ഞിക്കുഴിയിൽവച്ച് കുഞ്ഞുപെണ്ണ് മരണപ്പെട്ടു. കുമാരന്റെ മകൻ കെ കെ പ്രസന്നകുമാറും കുടുംബവുമാണ് ഇപ്പോൾ കഞ്ഞിക്കുഴിയിലെ കരിമാലിപ്പുഴവീട്ടിൽ താമസം. പ്രസന്നകുമാർ കഞ്ഞിക്കുഴി സഹകരണ ബാങ്ക് സെക്രട്ടറിയും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഇടുക്കി ഏരിയ സെക്രട്ടറിയുമാണ്.









0 comments