തൊഴിലാളികൾക്ക് ആശ്വാസമായി; വേളാങ്കണ്ണിയുടെ വീട്ടിലും

ചികിത്സ കിട്ടാതെ മരണപ്പെട്ട മൂന്നുമാസം പ്രായമുള്ള ആൺകുട്ടിയുടെ ബന്ധുവുമായി വി എസ് സംസാരിക്കുന്നു
വണ്ടിപ്പെരിയാർ
കോൺഗ്രസ് സർക്കാരുകളാൽ അവഗണിക്കപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസവുമായി വി എസ് അച്യുതാനന്ദൻ വണ്ടിപ്പെരിയാറിൽ തോട്ട മേഖല സന്ദർശിച്ചത് അക്കാലത്ത് വലിയ വാർത്തയായി. ആഗോളവൽക്കരണ നയങ്ങളെ തുടർന്ന് പീരുമേട്ടിലെ തേയില തോട്ടങ്ങൾ ഒന്നൊന്നായി പൂട്ടുന്ന ഘട്ടമായിരുന്നു. ഇതോടെ തൊഴിലാളികൾക്ക് വേലയും കൂലിയും ഇല്ലാതെയായി. ചികിത്സ ലഭിക്കാതെയും പട്ടിണി കിടന്നും നിരവധി പേരാണ് അക്കാലത്ത് മരിച്ചത്. നിരവധി പേർ ആത്മഹത്യ ചെയ്‌തു. സംഭവമറിഞ്ഞ് തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് ഊർജം പകരാൻ പ്രതിപക്ഷ നേതാവായ വി എസ് വണ്ടിപ്പെരിയാറിൽ എത്തി. പീരുമേട് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. മാറിയുടുക്കാൻ സ്കൂൾ യൂണിഫോം ഇല്ലാത്തതിന്റെ പേരിൽ ആർബിടിയുടെ പശുമല ഒന്നാം ഡിവിഷനിൽ ലയത്തിന്റെ മേൽക്കൂരയിൽ സാരിത്തുമ്പിൽ വേളാങ്കണ്ണി എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഇതേ പശുമല എസ്റ്റേറ്റിൽ ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മരണപ്പെട്ടു. തുടർ മരണങ്ങൾ ഉണ്ടായതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ വി എസ് അച്യുതാനന്ദൻ പശുമല എസ്റ്റേറ്റ് സന്ദർശിച്ചു. വേളാങ്കണ്ണിയുടെ വീട്ടിലും ചികിത്സ ലഭിക്കാതെ മരണപ്പെട്ട ആൺകുട്ടിയുടെ വീട്ടിലും വിഎസ് എത്തി. ആളുകൾക്ക് ആശ്വാസം പകർന്നു.









0 comments