കൈക്കൂലിക്ക് സഡൻ ബ്രേക്കിടാൻ വിജിലൻസ്
ഓപ്പറേഷൻ ‘ക്ലീൻ വീൽസ് ’


സ്വന്തം ലേഖകൻ
Published on Jul 21, 2025, 12:30 AM | 1 min read
ഇടുക്കി
മോട്ടോർ വാഹന വകുപ്പിന് കീഴിലെ ഓഫീസുകളിലെ കൈക്കൂലിക്ക് തടയിടാൻ വിജിലൻസ്. ഓപ്പറേഷൻ "ക്ലീൻ വീൽസ്’ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്‌ച സംസ്ഥാനത്താകെ ആർടി, എസ്ആർടി ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി കൈപ്പറ്റുന്നത് കണ്ടെത്തുക, ഓഫീസുകളിലെ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുക എന്നിവയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ലക്ഷ്യമിട്ടത്. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റ് പൈനാവ് ആർടി ഓഫീസ്, വണ്ടിപ്പെരിയാർ, ഉടുമ്പൻചോല, ദേവികുളം, തൊടുപുഴ എസ്‌ആർടി ഓഫീസുകൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഉടുമ്പൻചോല ആർടിഒ ഓഫീസിൽനിന്ന് ഏജന്റ് ബിബിന്റെ കൈയിൽനിന്ന് 66,630 രൂപയും വണ്ടിപ്പെരിയാർ ആർടിഒ ഓഫീസിൽനിന്ന് ഏജന്റ് സുജിത്തിന്റെ പക്കൽനിന്ന് 16,000 രൂപയും പിടിച്ചെടുത്തു. ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. വിവിധ സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും പൊതുജനങ്ങൾ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾക്ക് അപാകതകൾ ചൂണ്ടിക്കാട്ടി നിരസിക്കുന്നതായും അപേക്ഷകളിൽ തീരുമാനമെടുക്കാതെ മനഃപൂർവം കാലതാമസം വരുത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനും ഉൾപ്പെടെ കൈക്കൂലി വാങ്ങുന്നതായും ആക്ഷേപമുണ്ടായിരുന്നു. പരിശോധനയിൽ കണ്ടെത്തിയ അപാകതകളിൽ തുടർ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അധികൃതര്‍ പറഞ്ഞു.









0 comments