കരിമണ്ണൂരിലെ "സ്‍പെഷ്യല്‍' ദേവാസ്

വിജയകുമാർ ഭക്ഷണം വിളന്പുന്നു
കെ പി മധുസൂദനന്‍
Published on Sep 09, 2025, 12:15 AM | 1 min read
കരിമണ്ണൂർ
പുലര്‍ച്ചെ 4.30മുതല്‍ കാലിച്ചായ കുടിക്കാൻ തിരക്ക്. രാവിലെ പ്രാതലിനുള്ള തിരക്ക്. ഉച്ചയായാല്‍ വെജിറ്റേറിയൻ ഊണ് കഴിക്കാൻ തിരക്ക്. വൈകിട്ട് ചെറുകടികള്‍ക്കുള്ള തിരക്ക്. കരിമണ്ണൂര്‍ ദേവാസ് ഹോട്ടലില്‍ തിരക്കോട് തിരക്കാണ്. വിളമ്പുന്ന രുചിയാണീ തിരക്കിന്റെ സീക്രട്ട്. ഒന്നും രണ്ടുമൊന്നുമല്ല, കൊല്ലം 75ആയി കരിമണ്ണൂരുകാര്‍ക്ക് രുചിയേകുന്നു. 1950കളില്‍ കേശവൻ ഇളയതാണ് എസ്‌കെവി എന്ന പേരിൽ ഹോട്ടൽ തുടങ്ങിയത്. ഇദ്ദേഹം ചെറുപ്പത്തിലേ തമിഴ്‌നാട്ടിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. നാട്ടിൽ തിരിച്ചെത്തി ഹോട്ടൽ ആരംഭിച്ചു, കരിമണ്ണൂരിലെ ആദ്യത്തേത്. നാട്ടില്‍ ആദ്യമായി റേഡിയോ കൊണ്ടുവന്നതും കേശവൻ ഇളയതാണ്. രുചിക്കൊപ്പം കടയ്‍ക്ക് മുന്നിൽ ഏരിയൽ വലിച്ചുകെട്ടി പരിപാടികളും ശ്രോതാക്കളിലെത്തിച്ചു. ആകാശവാണി വാർത്തകളും ഗാനങ്ങളും കേള്‍ക്കാൻ നിരവധിപേരാണ് എസ്‍കെവിക്ക് മുന്നിലെത്തിയിരുന്നത്. ആദ്യമായി ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി കൊണ്ടുവന്നതും എസ്‍കെവിയില്‍. ഉണ്ണിയപ്പത്തിനും സുഖിയനുമായിരുന്നു ആവശ്യക്കാരേറെ. കേശവൻ ഇളയതിന്റെ മരണശേഷം മൂത്തമകൻ കുറച്ചുനാൾ ഹോട്ടല്‍ നടത്തിയെങ്കിലും മുന്നോട്ടുപോയില്ല. പിന്നീട് മൂന്ന് പതിറ്റാണ്ടുമുമ്പാണ് വിജയകുമാർ ഹോട്ടൽ ഏറ്റെടുത്തത്. ചെറിയച്ഛൻ നടത്തിയിരുന്നതിനാല്‍ ‘അച്ഛന്റെ കട’യെന്നാണ് ഇന്നും അറിയപ്പെടുന്നത്. മത്സ്യവും മാംസവും കടയിൽ വിളമ്പാനാവില്ലെന്ന നിന്പന്ധന വിജയകുമാർ ഇന്നും പാലിക്കുന്നു. ‘ദേവാസ് ഹോട്ടൽ’എന്ന് പേരുമാറ്റിയതല്ലാതെ വിഭവങ്ങളും രുചിയും അതേ തനിമയിലുണ്ട്. മറ്റ് ഹോട്ടലുകളില്‍ സ്‍പെഷ്യല്‍ ഐറ്റംസേറെയുണ്ടെങ്കിലും ദേവാസിലെ സ്‍പെഷ്യലില്ലാത്ത ഊണ് കഴിക്കാൻ ജനം വരിനില്‍ക്കും. നൂറുകണക്കിനാളുകളാണ് ഉച്ചയൂണിനെത്തുന്നത്. മസാല ദോശയും നാടൻദോശയും ഹിറ്റാണ്. വൈകിട്ട് ആറിനുമുമ്പ് ഉഴുന്നുവട, നെയ്യപ്പം, സുഖിയൻ, ഇലയട, ചുക്കപ്പം, ബോണ്ട തുടങ്ങിയ ചെറുകടികള്‍ ചില്ലലമാരയില്‍നിന്ന് അപ്രത്യക്ഷമാകുന്നതോടെ കടയടയ്‌ക്കും.









0 comments