അവസാന നിമിഷംവരെ തൊഴിലാളികൾക്കായി

വാഴൂർ സോമൻ അനുസ്മരണയോഗത്തിൽ കെ രാധാകൃഷ്ണൻ എംപി സംസാരിക്കുന്നു
പീരുമേട്
അവിചാരിതമായി പൊലിഞ്ഞ ജനനേതാവിന് പതിനായിരങ്ങളുടെ കണ്ണീർ പ്രണാമം. നാലരപ്പതിറ്റാണ്ട് മുമ്പ് തൊഴിലാളി നേതാവായി തോട്ടം മേഖലയിലെത്തിയ വാഴൂർ സോമൻ എംഎൽഎ പോരാട്ടപാതകളെ അനാഥമാക്കി മടങ്ങി. സംസ്‌കാരത്തിനുശേഷം പാമ്പനാറിൽ അനുശോചനയോഗം ചേർന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ അധ്യക്ഷനായി. കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് വാഴൂർ സോമൻ നയിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തോട്ടം മേഖലയിലെ ലയങ്ങളിലെ ദുരവസ്ഥ മാറ്റിയെടുക്കാൻ അദ്ദേഹം പരിശ്രമിച്ചു. തോട്ടം തൊഴിലാളികളുടെ ജീവൽപ്രശനങ്ങളെക്കുറിച്ചുള്ള വിചാരങ്ങളാണ് അദ്ദേഹത്തെ നയിച്ചതെന്നും മന്ത്രി പറഞ്ഞു. അവസാനശ്വാസം വരെ തോട്ടം തൊഴിലാളികൾക്കും ഇടുക്കിയുടെ വികസനത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്‌മരിച്ചു. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവാണ് വാഴൂർ സോമനെന്ന് എം എം മണി എംഎൽഎ അനുസ്മരിച്ചു. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, അഡ്വ. എ രാജ, സി കെ ആശ, മുൻ മന്ത്രി കെ പി രാജേന്ദ്രൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, അഡ്വ. ജോയ്സ് ജോർജ്, ഇ എം ആഗസ്തി, ജോസ് ഫിലിപ്പ്, അഡ്വ. അലക്‌സ് കോഴിമല, അഡ്വ. സിറിയക് തോമസ്, പി എസ് രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ എന്നിവർ സംസാരിച്ചു.








0 comments