118 കുടുംബങ്ങളുടെ ലൈഫ്‌ തുലച്ച്‌ യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 11, 2025, 12:30 AM | 2 min read

അടിമാലി

ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ 118 നിര്‍ധന കുടുംബങ്ങള്‍ക്ക്‌ കിടപ്പാടം നഷ്ടമായി. 2022ലാണ് ഭൂരഹിത ഭവന രഹിതരുടെ അന്തിമ പട്ടികയുണ്ടാക്കിയത്. ലൈഫ് ഭവന പദ്ധതിയില്‍ അര്‍ഹതപട്ടികയില്‍ വരേണ്ട 118 അപേക്ഷകളാണ് യുഡിഎഫ് അംഗങ്ങള്‍ അന്നത്തെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയെ കൂട്ടുപിടിച്ച് മുക്കിയത്. ഗ്രാമസഭയില്‍ അര്‍ഹരായവരെ തെരഞ്ഞെടുത്ത് മുന്‍ഗണനാ പട്ടികയും തയ്യാറാക്കിയിരുന്നു. പിന്നീട് ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഗ്രാമസഭ തെരഞ്ഞെടുത്ത 118 കുടുംബങ്ങൾ പട്ടികയിലില്ല. ഇതോടെയാണ് അപേക്ഷകര്‍ ഗ്രാമസേവകരുടെ അടുത്ത് അന്വേഷണത്തിനെത്തിയത്. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥയുടെ മേശയുടെ അടിയില്‍നിന്നും ഉപേക്ഷിക്കപ്പെട്ട അപേക്ഷകള്‍ കണ്ടെത്തിയത്. ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കേണ്ട സമയപരിധി ഇതിനകം അവസാനിച്ചിരുന്നു. ഇതോടെ അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിലെ 118 കുടുംബങ്ങള്‍ വഴിയാധാരമായി. യുഡിഎഫ് ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയും അഴിമതിയുമാണ് ലൈഫില്‍നിന്ന്‌ ഇത്രയും കുടുംബങ്ങള്‍ പുറത്തായത്.

പ്രാദേശിക വികസനം 
അട്ടിമറിച്ചു

അഴിമതിയും കെടുകാര്യസ്ഥതയും അടിമാലി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി പ്രാദേശിക വികസനം അട്ടിമറിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ യുഡിഎഫിലെ തമ്മിലടിമൂലം വിനിയോഗിക്കാന്‍ കഴിയുന്നില്ല. പദ്ധതി വിഹിതം ചെലവഴിച്ചതില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ 141- –ാം സ്ഥാനത്താണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത്‌. ഓരോവര്‍ഷവും 1.10 കോടിയാണ് പദ്ധതി വിഹിതമായി മാറ്റിവയ്ക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി അനുമതി വാങ്ങിയെടുക്കാന്‍ കഴിയാത്തതിനാല്‍ നാലര കോടിയോളമാണ് ഇക്കാലയളവില്‍ നഷ്ടപ്പെടുത്തിയത്. അനുവദിച്ച ഫണ്ടുകളില്‍ കരാറുകാരുമായി ചേര്‍ന്ന് കമീഷന്‍ തട്ടുകയാണ് യുഡിഎഫ് അംഗങ്ങളുടെ ലക്ഷ്യം. ലൈഫ് ഭവന പദ്ധതിയില്‍ 118 അപേ ക്ഷകള്‍ പൂഴ്‌ത്തിവച്ചു. അര്‍ഹരായ പാവപ്പെട്ട ഗുണഭോക്താക്കളുടെ സ്വന്തമായി വീടെന്ന സ്വപ്നമാണ് യുഡിഎഫ് ഇല്ലാതാക്കിയത്. അഴിമതിയുടെ കൂടാരമായി യുഡിഎഫ് ഭരണസമിതിമാറി. താലൂക്കിലെ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ താലൂക്ക് ആശുപത്രിയുടെ വികസനം യുഡിഎഫ് അട്ടിമറിച്ചു. കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലാത്തതും ആശുപത്രിയുടെ വികസനത്തെ പിന്നോട്ടടിച്ചു. ആശുപത്രിയുടെ വികസനത്തിനായി കഴിഞ്ഞ ഒന്പത്‌ വര്‍ഷത്തിനിടെ കോടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത്. ഭരണനിര്‍വഹണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അലംഭാവം തുടരുകയാണ്. സര്‍ക്കാര്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ടെങ്കിലും യുഡിഎഫ് ഇവിടെ രാഷ്ട്രീയം കളിക്കുകയാണ്. ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറി നിര്‍മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി 10 ലക്ഷം വീതം മാറ്റിവച്ചെങ്കിലും നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല . രോഗികള്‍ക്ക് വസ്‌ത്രങ്ങൾ കഴുകിയുണക്കുന്നതിനുള്ള യന്ത്രങ്ങള്‍ വാങ്ങുന്നതിനും പണം മാറ്റിവച്ചിരുന്നു. കമീഷന്‍ സംബന്ധിച്ച തര്‍ക്കമൂലം ഇതും യാഥാര്‍ഥ്യമായില്ല. ​

താലൂക്ക് ആശുപത്രിയിൽ ട്രൈബൽ ഫണ്ട് 
ചെലവഴിച്ചതിലും ക്രമക്കേട്

​പട്ടിക വര്‍ഗ വിഭാഗത്തിലെ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി കാന്റീനില്‍നിന്ന്‌ ഭക്ഷണം നല്‍കുന്നതിനുള്ള ഫണ്ടില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് യുഡിഎഫ് നടത്തിയത്. ദിവസം 365 രൂപയാണ് ഇവർക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ശരാശരി 20 മുതല്‍ 30 വരെ രോഗികളും കൂട്ടിരിപ്പുകാരുമാണ് ഉണ്ടാകാറുള്ളത്. ഭക്ഷണം നല്‍കാത്ത ദിവസങ്ങളിലെയടക്കം ബില്ല് മാറിയെടുത്തതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ബ്ലോക്ക് ഡിവിഷനുകളിലും കുടിവെള്ള പദ്ധതികള്‍ക്കായി പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിരുന്നു. പദ്ധതി നിര്‍വഹണത്തിലെ കെടുകാര്യസ്ഥത ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. ഇരുമ്പുപാലത്ത് നിര്‍മാണം ആരംഭിച്ച വഴിയിട വിശ്രമകേന്ദ്രം നിര്‍മാണം എവിടേയുമെത്തിയില്ല. ഒരോ വര്‍ഷവും 10 ലക്ഷം വീതമാണ് അനുവദിച്ചത്. 40 ലക്ഷത്തിന്റെ അഴിമതിയുടെ പ്രതീകമായി വിശ്രമകേന്ദ്രം. ലക്ഷങ്ങളുടെ അഴിമതി ആരോപണമാണ് ഇത് സംബന്ധിച്ച് ഉയരുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ലക്ഷങ്ങളാണ് യുഡിഎഫ് അംഗങ്ങള്‍ തട്ടിയെടുക്കുന്നത്. ജലസേചനം, ഗ്രാമീണ പാതകളുടെ നവീകരണം, ശൗചാലയം, ഇവയെല്ലാം അഴിമതിയുടെ നേര്‍സാക്ഷ്യമായി നില്‍ക്കുന്നു. യുഡിഎഫ് പഞ്ചായത്തംഗങ്ങള്‍ ചില കരാറുകാരുമായി ചേര്‍ന്ന് നിര്‍മാണ ജോലികളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് അംഗങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്. പല ജീവനക്കാരും ഭരണകക്ഷി അംഗങ്ങളുടെ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ്. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെമേല്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നത്. അഴിമതി നടത്താന്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കാത്തതാണ് ഇവരെ ചൊടിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ബ്ലോക്കില്‍ ചേരിയായി ഭരണകക്ഷികള്‍ തിരിഞ്ഞിരിക്കുകയാണ്. അഴിമതിയുടെ കാര്യാലയമാക്കിമാറ്റിയ ഭരണസമിതിക്കെതിരെ ജനരോഷം ശക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Home