ദേശീയപാത വികസനം
ജനവിരുദ്ധ ഹർത്താൽ ജനങ്ങൾ തള്ളി

അടിമാലി
ദേവികുളം താലൂക്കിൽ യുഡിഎഫ് പ്രഖ്യാപിച്ച ജനവിരുദ്ധ ഹർത്താലിനെ ജനങ്ങൾ തള്ളി. യുഡിഎഫ് നേതാക്കൾ തലേദിവസം നടത്തിയ കൊലവിളിയെ വെല്ലുവിളിച്ച് ഏതാനും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. ബസുടമകളുടെ പണിമുടക്കും തൊഴിലാളികളും ഭൂരിപക്ഷം ബസുടമകളും തള്ളിക്കളഞ്ഞു. അടിമാലി മൂന്നാർ മേഖലയിലോടുന്ന ഏതാനും ബസുകളൊഴിച്ചാൽ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവീസ് നടത്തി. കെഎസ് ആർടിസി പതിവുപോലെ നിരത്തിലിറങ്ങി. ഓട്ടോകളും ടൗണിൽ നിരന്നിരുന്നു. ബുധൻ യുഡിഎഫ് നടത്തിയ യോഗത്തിൽ കോൺഗ്രസിന്റെ ജില്ലാ നേതാവ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിനേയും അടിമാലിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നവരേയും വാഹനങ്ങൾ നിരത്തിലിറക്കുന്നവരേയും ഇവരുടെ അവസാനത്തെ തുറക്കലായിരിക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ കൊവലിളിക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് ഒരു വിഭാഗം വ്യാപാരികൾ ആവശ്യപ്പെട്ടു. സർക്കാർ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങ ളും തുറന്ന് പ്രവർത്തിച്ചു. അനാവശ്യഹർത്താലിലൂടെ വിദ്യാർഥികളുടെ പഠനം നഷ്ടപ്പെടുത്തിയതിനെതിരെ രക്ഷിതാക്കളും രംഗത്ത് എത്തി. പൊതുവെ താലൂക്കിൽ ഹർത്താലിനെ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു.
ലോങ്ങ് മാർച്ച് ഷോർട്ട് മാർച്ചായി
ആറാംമൈലിൽനിന്നും ലോങ്ങ് മാർച്ച് നടത്താനാണ് സമരാനുകൂല സംഘടന തീരുമാനിച്ച് അറിയിച്ചിരുന്നത്. ഒമ്പത് കിലോമീറ്റർ ദൂരം നടക്കാൻ ആളുകൾ തയ്യാറാകാതെ വന്നതോടെ ലോങ്ങ് മാർച്ച് ചുരുക്കി ഷോർട്ട് മാർച്ചാക്കി. അവസാനം രണ്ട് കിലോ മീറ്റർ അകലെ നിന്ന് മാത്രമാണ് മാർച്ച് ആരംഭിക്കാൻ കഴിഞ്ഞത്. അയ്യായിരം പേർ ദേവികുളം താലൂക്കിൽനിന്നും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തത് ആയിരത്തിൽ താഴെ ആളുകൾ.
മാധ്യമശ്രദ്ധനേടാൻ സംഘർഷം
ഹർത്താൽ വിജയിക്കാത്ത സാഹചര്യത്തിൽ മാധ്യമശ്രദ്ധനേടാൻ യൂത്ത് കോൺഗസ്, യൂത്ത് ലീഗ്, എസ്ഡിപിഐ കൂട്ടുകെട്ട് സംഘർഷമുണ്ടാക്കി. വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. തടഞ്ഞ പൊലീസിനെയും ആക്രമിച്ചു. ഇതോടെ മാർച്ചിൽ പങ്കെടുത്ത വിവിധ മത സാമുദായിക നേതൃത്വം എതിർപ്പ് അറിയിക്കുകയും സമരത്തിൽനിന്നും പിൻമാറുമെന്ന് അറിയിക്കുകയും ചെയ്തു. സംഘർഷമുണ്ടാക്കിയതോട കോതമംഗലം മേഖലയിൽ നിന്നുള്ള ക്രൈസ്തവസഭാ വിശ്വാസികൾ ലോങ്ങ് മാർച്ചിനൊപ്പം പങ്കെടുക്കാതെ മടങ്ങി. ഇവർ നേര്യമംഗലത്ത് കേന്ദ്രീകരിച്ച് റാണിക്കല്ലിന് സമീപം വരെ പ്രകടനം നടത്തി. തിരികെ നേര്യമംഗലത്ത് എത്തി അവസാനിപ്പിച്ച് മടങ്ങി. അക്രമത്തിലും വഴിവിട്ടസമര രീതിയിലും സഭാ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു.









0 comments