വണ്ണപ്പുറത്ത് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്
കൃത്രിമമായി വോട്ട് ചേർത്തത് സമ്മതിച്ച് യുഡിഎഫ് നേതാക്കൾ

തൊടുപുഴ
വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് നടത്തിയ വ്യാപക ക്രമക്കേടിനെ ന്യായീകരിച്ച് വാർത്താസമ്മേളനത്തിനെത്തിയ യുഡിഎഫ് നേതാക്കൾ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിലാണ് ഇവരുടെ കള്ളത്തരം പുറത്തുവന്നത്. കൃത്രിമം നടന്നതായി ഇവർക്ക് സമ്മതിക്കേണ്ടിവന്നു. എന്നാൽ വ്യാപക കൃത്രിമം നടന്നിട്ടില്ലെന്നും ഒറ്റപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ് നടന്നതെന്നും അത് സെക്രട്ടറിയുടെയും ജീവനക്കാരുടെയും വീഴ്‌ചയാണെന്നും സമ്മതിച്ചു. വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മറുപടി. എട്ടുവർഷം മുന്പ് എസ്‌ബിഐ ജപ്‌തിചെയ്‌ത വീട്ടുനന്പരിൽ വോട്ടു ചേർത്തത് സംബന്ധിച്ചും അടിമാലി പഞ്ചായത്തിൽ വർഷങ്ങൾക്ക് മുന്പ് വിവാഹം ചെയ്‌തയച്ച യുവതിക്ക് അടിമാലിയിലും വണ്ണപ്പുറം പഞ്ചായത്തിലും വോട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തമായ മറുപടിപറയാനില്ലാതെ നേതാക്കൾ വിഷമിച്ചു. ഇത്തരം വോട്ടുകൾ നീക്കം ചെയ്യാൻ എൽഡിഎഫ് പ്രവർത്തകർ അപേക്ഷ നൽകിയെങ്കിലും നീക്കം ചെയ്യാൻ സെക്രട്ടറി തയ്യറായില്ല. മുൻ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി പഞ്ചായത്ത് ഓഫീസിന് സമീപത്താണ് വർഷങ്ങളായി താമസിക്കുന്നത്. കള്ളിപ്പാറയിലെ വാസയേഗ്യമല്ലാത്ത വീട്ടുനന്പരിലാണ് ഇവരുടെ വോട്ട്. ഇക്കാര്യം ചോദിച്ചപ്പോൾ അവർ പല വീടുകളിലും മാറിമാറി താമസിക്കുന്ന ആളാണെന്നായിരുന്നു മറുപടി. കോടിക്കുളം പഞ്ചായത്തിൽ താമസക്കാരനായിരുന്ന കേരളാ കോൺഗ്രസ് ജെ നേതാവ് സണ്ണി കളപ്പുര മുന്പ് കള്ളിപ്പാറയിലെ ഒരു താൽക്കാലിക ഷെഡിൽ നന്പരിട്ട് വണ്ണപ്പുറം പഞ്ചായത്തിൽ വോട്ടറാവുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്‌തിരുന്നു. എൽഡിഎഫ് പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചാണ് ഇയാളുടെ വോട്ട് വണ്ണപ്പുറം പഞ്ചായത്തിൽനിന്ന് നീക്കിയത്. സണ്ണി കളപ്പുരയും വാർത്താസമ്മേളനത്തിൽ എത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ നിരന്തര ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ എല്ലാ കുഴപ്പവും ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് തടിയൂരാനാണ് യുഡിഎഫ് നേതാക്കൾ ശ്രമിച്ചത്. യുഡിഎഫിനെതിരെ നടത്തുന്ന ആരോപണങ്ങൾക്കെതിരെ വണ്ണപ്പുറത്ത് പൊതുയോഗം സംഘടിപ്പിക്കുമെന്ന് പറഞ്ഞാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.









0 comments