പണയ ഉരുപ്പടികള്‍ മറിച്ചുവിറ്റ് തട്ടിയത് 50ലക്ഷം; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

കട്ടപ്പന
സ്വര്‍ണപ്പണയ ഉരുപ്പടികള്‍ വ്യാജ രസീതുകള്‍ നല്‍കി കൈക്കലാക്കി മറിച്ചുവിറ്റും പണയപ്പെടുത്തിയും 50ലക്ഷം രൂപ തട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജര്‍ പിടിയില്‍. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ഇടപ്പറമ്പില്‍ ഇ ആര്‍ രാജേഷി(36)നെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ്ചെയ്‌തത്. അണക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 2009മുതല്‍ ഇയാള്‍ മാനേജരാണ്. പണയപ്പെടുത്താന്‍ കൊണ്ടുവരുന്ന സ്വര്‍ണ ഉരുപ്പടികള്‍ വ്യാജ രസീത് നല്‍കി കൈക്കലാക്കും. ശേഷം വിറ്റും മറ്റിടങ്ങളില്‍ പണയപ്പെടുത്തിയും പണം തട്ടുകയായിരുന്നു. പുതിയ മാനേജര്‍ ചുമതലയേറ്റതോടെയാണ് തട്ടിപ്പ് പുറത്തായത്. സോണല്‍ മാനേജരുടെ പരാതിയില്‍ പൊലീസ് രാജേഷിനെ പിടികൂടുകയായിരുന്നു. ഇയാള്‍ ഉരുപ്പടികള്‍ പണയപ്പെടുത്തിയ സ്ഥാപനത്തില്‍നിന്ന് ഏഴ് പവന്‍ കണ്ടെടുത്തു. നിരവധി ഇടപടുകാര്‍ അണക്കരയിലെ സ്ഥാപനത്തില്‍ പരാതിയുമായെത്തുന്നുണ്ട്. പ്രതിയെ നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്‍പി വി എ നിഷാദ്‌മോന്‍, വണ്ടന്മേട് എസ്എച്ച്ഒ എ ഷൈന്‍കുമാര്‍, എസ്‌ഐമാരായ ബിനോയി എബ്രഹാം, ഡി പ്രകാശ്, എസ്‍സിപിഒമാരായ എന്‍ ജയന്‍, ആര്‍ ജയ്‌മോന്‍, കൃഷ്ണകുമാര്‍, ആര്‍ അഭിലാഷ്, സിപിഒമാരായ ഡി രാജേഷ് മോന്‍, ബിനുമോന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍.









0 comments