നാണ്യവിള കർഷകർ ആശങ്കയിൽ

spices
avatar
കെ ടി രാജീവ്‌

Published on Aug 29, 2025, 12:45 AM | 2 min read

ഇടുക്കി

കയറ്റുമതിക്ക്‌ അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം പിഴച്ചുങ്കം നാണ്യവിള കർഷകരും ആശങ്കയിൽ. കയറ്റുമതിക്കാർ, കർഷകർ, അനുബന്ധമേഖലയിൽ തൊഴിലെടുക്കുന്നവർ എന്നിവരെയാകും പ്രധാനമായും ബാധിക്കുക. നിലവിൽ ഇറക്കുമതിക്കാർ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാത്ത സ്ഥിതിയുണ്ട്‌. രാജ്യത്തെ നാണ്യവിള ഉൽപാദനത്തിൽ പ്രഥമസ്ഥാനമാണ്‌ ഇടുക്കിക്കുള്ളത്‌. ഏലം, കുരുമുളക്‌, ഗ്രാമ്പു, ഇഞ്ചി, മഞ്ഞൾ, കാപ്പി, ഏലം, തേയില എന്നിവയുടെ ഉൽപാദനമാണ്‌ വൻതോതിലുള്ളത്‌. ഇവ ധാരാളം കയറ്റുമതിയും ചെയ്യുന്നുണ്ട്‌. ഇവയിൽനിന്നു എടുക്കുന്ന ഓയിലിന്റെ വിൽപന കൂടുതലും അമേരിക്കയിലേക്കാണ്‌. ഉൽപന്നങ്ങളുടെ തീരുവ 50 ശതമാനമാക്കിയതോടെ അമേരിക്കയിലെ ഇറക്കുമതിക്കാർക്ക്‌ ചെലവേറി. ആവശ്യകതയിൽ കുറവുവരുമ്പോൾ ഇന്ത്യൻ കയറ്റുമതിയെ സാരമായി ബാധിക്കും. അമേരിക്കയിലെ ഇറക്കുമതിക്കാർ കുറഞ്ഞവില ലഭിക്കുന്ന മറ്റ്‌ രാജ്യങ്ങളിലേക്ക്‌ തിരിയും. നാണ്യവിളകൾ കൂടുതൽ ഉൽപാദിപ്പിക്കുന്ന വിയറ്റ്‌നാം, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക്‌ യഥാക്രമം 20, 19, 30 ശതമാനത്തിലാണ്‌ അമേരിക്ക പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയത്‌. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവായതിനാൽ അമേരിക്ക ഇത്തരം രാജ്യങ്ങളിൽനിന്ന്‌ വാങ്ങും. ഇത്‌ കയറ്റുമതി കമ്പനികളെയും സ്ഥാപനങ്ങളെയും പിന്നോട്ടടിക്കുമ്പോൾ ഏറെ ബാധിക്കുക മലയോരകർഷകരെയാണ്‌. ഇതിനകം അധിക ചുങ്കം സുഗന്ധവ്യഞ്ജന കയറ്റുമതിയെ വൻതോതിൽ ബാധിച്ചതായാണ്‌ സ്‌പൈസസ്‌ കയറ്റുമതിക്കാർ പറയുന്നത്‌. ഇന്ത്യയിൽനിന്നു വാങ്ങുന്ന അമേരിക്കൻ കമ്പനികൾ താൽപര്യക്കുറവും അറിയിച്ചുകഴിഞ്ഞു. താരിഫ്‌ ഭീഷണിയുടെ സമയത്തുതന്നെ കൂടുതൽവാങ്ങി ശേഖരിച്ചവരുമുണ്ട്‌. പിഴത്തീരുവ നിലവിൽ വന്നതോടെ സർക്കാർ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കമ്പനികളും രംഗത്തെത്തി. ​

ഉൽപ്പാദനവും 
കയറ്റുമതിയും

കേരളത്തിൽ 40,345 ഹെക്‌ടർ ഏലം കൃഷിയുള്ളയിടത്ത്‌ 2023–24ൽ 40,345 മെട്രിക്‌ ടൺ ആയിരുന്നു ഉൽപ്പാദനം. 2024–25ൽ ഇതുവരെ 18,310 മെട്രിക്‌ ടൺ ഉൽപ്പാദിപ്പിച്ചു. ഇതിൽ 70 ശതമാനവും ഇടുക്കിയിൽനിന്നാണ്‌. അതേസമയം 72,669 ഹെക്‌ടർ കൃഷിയുള്ള കുരുമുളക്‌ കൃഷിയിൽനിന്ന്‌ 2023–24ൽ 30,798 മെട്രിക്‌ ടണ്ണും 2024–25ൽ ഇതുവരെ 21,941 മെട്രിക്‌ ടണ്ണുമാണ്‌ ഉൽപ്പാദനം. ഉൽപ്പാദനത്തിൽ കുറവു സംഭവിക്കുമ്പോഴും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ വർധന ഉണ്ടായിട്ടുണ്ട്‌. 2023–24ൽ 6897.68 ടൺ കുരുമുളക്‌ കയറ്റുമതി ചെയ്‌തപ്പോൾ 2024–25ൽ ഇതുവരെ 8049.19 ടൺ കയറ്റുമതി ചെയ്‌തുകഴിഞ്ഞു. 279.24 കോടി രൂപയാണ്‌ 2023–24ൽ ലഭിച്ചതെങ്കിൽ നിലവിൽ 431.38 കോടി രൂപ മൂല്യമുള്ളത്രയും കയറ്റുമതി ചെയ്‌തുകഴിഞ്ഞു. ഏലത്തിന്റെ കാര്യവും വ്യത്യസ്‌തമല്ല. 436.36 ടണ്ണിൽനിന്ന്‌ കയറ്റുമതി 461.95 ആയി ഉയർന്നു. 2024–25ൽ ഇതുവരെ 112.47 കോടി രൂപയുടെ ഏലം അമേരിക്കയിലേക്ക്‌ കയറ്റിയയച്ചു. കഴിഞ്ഞവർഷം ഇത്‌ 67.46 കോടി ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home