ബോഡിമെട്ട്‌, കാഴ്‌ചകളുടെ അതിരില്ലാ മെട്ട്‌

bodimettu

ബോഡിമെട്ട്

വെബ് ഡെസ്ക്

Published on Jul 12, 2025, 12:15 AM | 1 min read

രാജാക്കാട്

മഞ്ഞുപുതച്ച് നിൽക്കുന്ന മലനിരകളും ആയിരക്കണക്കിന് അടി താഴ്‌ചയിൽ തമിഴ്നാടിന്റെ ദൂരക്കാഴ്ചകളുമായി ബോഡിമെട്ട്‌ സഞ്ചാരികളെ വിളിക്കുന്നു. പ്രകൃതി സമ്മാനിച്ച നൈസർഗിക ഭംഗിയെ വേദനിപ്പിക്കാതെയാണ്‌ തമിഴ്‌നാട്ടിലേക്കുള്ള പാത വളഞ്ഞുപുളഞ്ഞ്‌ നീങ്ങുന്നത്‌. തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതുമായ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ബോഡിമെട്ട് മാറിക്കഴിഞ്ഞു. ഇവിടെയെത്തുന്ന സഞ്ചാരികൾ മണിക്കൂറുകൾ ചെലവഴിച്ചേ മടങ്ങാറുള്ളൂ. ഇടയ്‌ക്കൊക്കെ തമിഴ്‌നാടൻ കാഴ്‌ചകളെ മറച്ച്‌ പഞ്ഞിമെത്തപോലെ മഞ്ഞുവന്നുമൂടും. ഈസമയം മേഘങ്ങൾക്ക് മുകളിലെന്നപോലെയുള്ള കാഴ്‌ചാനുഭവമാണ്‌ സമ്മാനിക്കുക. ഇത്‌ ആസ്വദിക്കാനായി മാത്രം പുലർച്ചെ എത്തുന്നവരും നിരവധിയാണ്‌. ചുറ്റും വിനോദസഞ്ചാരത്തിന്‌ പറ്റിയ ധാരാളം ഇടങ്ങളുമുണ്ട്‌. സമീപത്തുള്ള തോണ്ടിമലയിൽ സീസണുകളിൽ കുറിഞ്ഞിപ്പൂക്കൾ നീലവസന്തം തീർക്കും. ആടുവിളന്താൻ ആദിവാസി ഉന്നതിയും സമീപത്താണ്‌. ആക്ക തങ്കച്ചിപ്പാറ സാഹസിക സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ്‌. ട്രക്കിങ്ങിന് പറ്റിയ ഇടമാണിത്‌. പൂപ്പാറവഴി കുമളിയിലേക്ക് പോകുന്ന സഞ്ചാരികളും ബോഡിമെട്ട്‌ കാഴ്‌ചകൾ തേടിയെത്തുന്നുണ്ട്‌. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ വലയ്‌ക്കുന്നുണ്ട്‌. തമിഴ്നാട് ചെക്ക്പോസ്റ്റിന് സമീപത്ത്‌ ഒരു ശൗചാലയവും ഏതാനും ചെറുകടകളും മാത്രമാണ്‌ ഇവിടെയുള്ളത്‌. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചാൽ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നതിൽ സംശയമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home