കമിതാക്കളുടെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2025, 12:00 AM | 1 min read

കരിമണ്ണൂർ

ഉടുമ്പന്നൂരിലെ കമിതാക്കളുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. ഇത് ശരിവയ്‍ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍. വെള്ളി വൈകിട്ടാണ് ഉടുമ്പന്നൂര്‍ പാറേക്കവല മനയ്‍ക്കത്തണ്ട് ഭാഗത്ത് മനയാനിക്കല്‍ ശിവഘോഷ്(20), കൊന്നത്തടി പാറത്തോട് ഇഞ്ചപ്ലായ്‍ക്കല്‍ മീനാക്ഷി(21) എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവഘോഷും കുടുംബവും വാടകയ്‍ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. വെള്ളി പകലാണ് മീനാക്ഷി ശിവഘോഷിന്റെ വീട്ടിലെത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും വഴക്കുമുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടി മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു. ശിവഘോഷ് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴേക്കും മീനാക്ഷി തൂങ്ങിമരിച്ചിരുന്നു. കെട്ടഴിച്ച് താഴെ കിടത്തിയശേഷം ശിവഘോഷും ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. മീനാക്ഷിയുടെ കഴുത്തിലെ പാട് തൂങ്ങിമരണത്തിന്റേതാണെന്നാണ് സൂചന. ശിവഘോഷും മീനാക്ഷിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി പലപ്പോഴും ശിവഘോഷ് താമസിക്കുന്ന വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇരുവരും കൊന്നത്തടി പാറത്തോട്‌ സ്വദേശികളാണ്‌. ഇരുവരുടെയും സംസ്കാരം വീട്ടുവളപ്പുകളില്‍ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home