നാടിന് അഭിമാനമായി സിനി
വിജയപടവുകളിലെ തലപ്പൊക്കം

സിനി
കെ പി മധുസൂദനൻ
Published on Sep 25, 2025, 11:38 PM | 1 min read
തൊടുപുഴ
‘പൊക്കമില്ലാത്തതാണെന്റെ പൊക്കം’ എന്ന കുഞ്ഞിണ്ണി മാസ്‌റ്ററുടെ കവിതയെ അനുസ്‌മരിപ്പിക്കുന്നതാണ് ഒടിയപാറ സ്വദേശി സിനി കെ സെബാസ്‌റ്റ്യന്റെ ജീവിതം. നീന്തൽ കുളങ്ങളിൽനിന്ന് സ്വർണവും വെള്ളിയും നേടാൻ സിനിക്ക് മുന്നില്‍ അംഗപരിമിതി തടസമാകുന്നേയില്ല. അംഗപരിമിതരുടെ ദേശീയ നീന്തൽ മത്സരത്തിൽ വിജയപീഠം കയറാനുള്ള തയാറെടുപ്പിലാണ് ഇൗ 42 കാരി. തൃശൂരിൽ നടന്ന ഒന്പതാമാത് സംസ്ഥാന പാരാസ്വിമ്മിങ് മത്സരത്തിൽ 50 മീറ്റർ ബട്ടർ ഫ്ലൈ, 50മീറ്റർ ഫ്രീ സ്‌റ്റൈൽ, 100 മീറ്റർ ബ്രസ്‌റ്റോക്ക് ഇനങ്ങളിൽ സിനിക്കാണ് സ്വർണം. നവംബർ 15മുതൽ 18വരെ ഹൈദരാബാദിലാണ് ദേശീയ മത്സരം. കാളിയാർ സെന്റ് മേരീസ് എച്ച്‌എസ്‌എസിലെ ജീവനക്കാരനനായിരുന്ന കോട്ടപ്പുറത്ത് ദേവസ്യയുടെയും മേരിയുടെയും നാലുമക്കളിൽ മൂന്നാമത്തെയാളാണ് സിനി. 10വരെ കാളിയാർ സ്‌കൂളില്‍ പഠിച്ചു. അച്ഛന്റെ മരണം ഉപരിപഠനം തടസമായി. 38വയസുവരെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന സിനിയുടെ ജീവിതത്തിലേക്ക് പുതുവെളിച്ചമെത്തിച്ചത് തൃശൂരിലെ ദര്‍ശന ക്ലബ് ഡയറക്ടര്‍ ഫാ. സോളമൻ കടമ്പാട്ടുപറമ്പിലാണ്. ഇത്തിരിപ്പോന്ന ആമകൾക്ക് ആഴങ്ങളിൽ നീന്താമെങ്കിൽ എന്തുകൊണ്ട് തനിക്കുമായിക്കൂടാ എന്ന ചിന്ത മനസിലുണ്ടായിരുന്നു. സോളമനച്ചന്റെ പ്രേത്സാഹനത്തോടെ തൃശൂരിലെ നീന്തൽക്കുളത്തിൽ ഹരിശ്രീ. 10 ദിവസത്തെ പരിശീലനം. 2023ൽ ജർമനിയൽ നടന്ന വേൾഡ് പാര നീന്തൽ മത്സരത്തിൽ രണ്ട് സ്വർണം നേടിയതോടെ തന്നെ നാടറിഞ്ഞു തുടങ്ങിയെന്ന് സിനി പറയുന്നു. നീന്തൽ വിദഗ്ദൻ ബേബി വർഗീസിന്റെ വണ്ടമറ്റത്തെ നീന്തൽകുളത്തിൽ സിനിക്ക് പരിശീലനം സൗജന്യമാണ്. തൃശൂരിലെ ദർശന സർവീസ് സൊസൈറ്റിയും ഫാ. സോളമനുമാണ് സാമ്പത്തിക സഹായമടക്കംചെയ്‍ത് കൈപിടിച്ച് നടത്തുന്നത്. 2022 മുതൽ സിനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാന്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത് മുത്തൂറ്റ് ഫിനാൻസ് മാനേജരും ഡയറക്ടറുമായ ജോർജ് എം ജോർജാണ്. അംഗപരിമിതർ വീടിനുള്ളിൽ തളർന്നിരിക്കേണ്ടവരല്ലെന്ന സന്ദേശമാണ് സിനി നൽകുന്നത്.









0 comments