സിംഹളച്ചുവടുകളിൽ മനംനിറഞ്ഞ്

ശ്രീലങ്കയിൽനിന്നുള്ള കലാകാരന്മാർ വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂളിൽ അവതരിപ്പിച്ച നൃത്തവിരുന്ന്
തൊടുപുഴ
കാലുകളിൽ തനത് സിംഹളതാളത്തിന്റെ തുടിപ്പ്, കൈയിലും മെയ്യിലും ഒഴുകിയിറങ്ങുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ സൗന്ദര്യം– കണ്ടിരുന്നവർക്ക് കണ്ണിനു കൗതുകമൊരുക്കിയ ശ്രീലങ്കൻ നൃത്തം നവ്യാനുഭവമായി. വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂളിലാണ് ശ്രീലങ്കയിൽ നിന്നുള്ള കലാകാരന്മാർ നൃത്തവിരുന്നൊരുക്കയത്. ശ്രീലങ്കൻ സംസ്‌കാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ കലാകാരന്മാരാണ് കുരുന്നുകൾക്കുമുമ്പിൽ നൃത്തം അവതരിപ്പിച്ചത്. കലാപരിപാടിയ്ക്ക് ശേഷം അരമണിക്കൂറോളം ഇവർ കുട്ടികളുമായി സംവദിച്ചു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 23 അംഗ സംഘമാണെത്തിയത്. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും ശ്രീലങ്കൻ പ്രോഗ്രാമുകൾ ഇന്ത്യയിൽ പ്രചരിപ്പിക്കുന്ന മൂവാറ്റുപുഴ സൈറക്‌സ് എഡ്യൂക്കേഷനും ടിഎംയുപി സ്‌കൂളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി സി രാജു ഉദ്ഘാടനംചെയ്തു. സ്‌കൂൾ പ്രഥമാധ്യാപിക എം ആർ സ്വപ്‌ന, സൈറസ് എജ്യുക്കേഷൻ ഡയറക്ടർ അരുൺ രാധാകൃഷ്ണ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നവാസ്, വൈസ് പ്രസിഡന്റ് കെ പി ശിവദാസ്, സെക്രട്ടറി ലിജോൺസ് എന്നിവർ സംസാരിച്ചു.









0 comments