ജില്ലയില്‍ 769 പരാതികള്‍
നിരത്തുകളില്‍ ‘ശുഭയാത്ര’ ഒരുക്കി പൊലീസ്


സ്വന്തം ലേഖകൻ
Published on Sep 26, 2025, 12:30 AM | 1 min read
തൊടുപുഴ
നിരത്തുകളില്‍ ‘ശുഭയാത്ര’ തുടര്‍ന്ന് പൊലീസ്. ട്രാഫിക് നിയമലംഘകരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കാൻ പൊലീസ് ആരംഭിച്ച ‘ശുഭയാത്ര’ പദ്ധതി മുന്നോട്ട്. 2022 മുതല്‍ ആകെ 769 പരാതികളാണ് പദ്ധതിയുടെ ഭാഗമായുള്ള വാട്സാപ്പ് നമ്പറില്‍ ലഭിച്ചത്. ആഗസ്‍ത് 15 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 2025ലാണ് കൂടുതല്‍, ഇതുവരെ 326 പരാതികള്‍. കുറവ് 2022ലായിരുന്നു, 42 മാത്രം. 2024ല്‍ 295, 2023ല്‍ 106 എന്നീ ക്രമത്തിൽ പരാതികള്‍ ലഭിച്ചു. ഇവയില്‍ 443 പരാതികളില്‍ നിയമ നടപടി സ്വീകരിച്ചു. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി കൈമാറി. പൊലീസ് നവമാധ്യമങ്ങളിലൂടെ അടക്കം നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് വർധിച്ചുവരുന്ന കണക്കുകൾ. ജില്ലയില്‍ ഇതുവരെ 3,36,250 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 2025–ൽ 1,21,750. 2024–ൽ 1,83,500, 2023–ൽ 27,250, 2022–ൽ 3750 രൂപയുമാണ് വര്‍ഷം തിരിച്ചുള്ള കണക്ക്. ഏറ്റവും കൂടുതൽ സന്ദേശങ്ങൾ ലഭിച്ചത് അനധികൃത പാർക്കിങിനാണ് 209. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനയാത്രയെ കുറിച്ച് 74 പരാതികളും ലഭിച്ചു. നിരത്തുകളിലെ നിയമലംഘനങ്ങളെ കുറിച്ച് പൊലീസിന്റെ ശുഭയാത്ര വാട്ട്‌സ്‌അപ് (9747001099) നമ്പറിലേക്കാണ് പരാതി നൽകേണ്ടത്. ഗതാഗത നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയും വീഡിയോയും സഹിതം സന്ദേശമയക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷന്‍ പരിധി, ജില്ല എന്നിവയും ഉള്‍പ്പെടുത്തണം. പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവ ജില്ലകളിലെ ട്രാഫിക് നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. പിന്നീട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് നല്‍കി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സ്വീകരിച്ച നടപടി വിവരം നല്‍കിയ ആളെ അറിയിക്കും. സന്ദേശം നൽകിയവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.









0 comments